Saudi Arabia
അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സൗദി
Saudi Arabia

അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സൗദി

Web Desk
|
9 July 2021 5:34 PM GMT

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്

സൗദിയില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് വിദ്യഭ്യാസ മന്ത്രാലയം നടപടി കൈകൊണ്ടത്.

സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ ഫിസിക്കല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചത്.

പ്രൈമറിതലം മുതലുള്ള സ്‌കൂളുകളിലേക്കാണ് പഠന ക്ലാസുകള്‍ ആരംഭിക്കുക. സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ നാല് ബാച്ചുകള്‍ അനുവദിക്കും. കൃത്യമായ ശാരീരിക അകലം പാലിച്ച് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളാണ് ഇവര്‍ക്ക് ഉണ്ടാവുക.

ഓരോ ബാച്ചുകള്‍ക്കും രണ്ടാഴ്ച ഇടവിട്ട ക്ലാസുകളില്‍ ഹാജരാകാന്‍ അവസരമുണ്ടാകും. ഹൈസ്‌കൂള്‍ തലം മുതല്‍ ഉള്ളവര്‍ക്ക് ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂന്ന് മുതല്‍ നാല് വരെ ബാച്ചുകള്‍ രൂപീകരിക്കും. ഇവര്‍ക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള സമയങ്ങളില്‍ ക്ലാസുകള്‍ ക്രമീകരിക്കുവാനുമാണ് പദ്ധതി.

എന്നാല്‍ പുതിയ മാര്‍ഗരേഖ അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നതിന് അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. ആരോഗ്യ ആഭ്യന്തരമന്ത്രാലയങ്ങളില്‍ നിന്നുള്ള അനുമതി കൂടി ലഭ്യമാകുന്നതോടെ രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനാണ് തീരുമാനം.

Related Tags :
Similar Posts