സൗദി തുറമുഖങ്ങള്‍ സജീവമാകുന്നു
|30 ലക്ഷം കണ്ടെയ്നറുകളുടെ ചരക്കുനീക്കമാണ് ഈവര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ സൗദി തുറമുഖങ്ങള്‍വഴി നടന്നത്
കൊവിഡ് വെല്ലുവിളികള്‍ക്കുശേഷമുണ്ടായ സാമ്പത്തിക ഉണര്‍വ് കപ്പല്‍ ചരക്കുനീക്കത്തിലും പ്രകടമാകുന്നു. ഈ വര്‍ഷം മൂന്നാം പാദത്തോടെ സൗദിയിലെ പ്രാദേശിക തുറമുഖങ്ങള്‍ വഴി 30 ലക്ഷം കണ്ടെയ്നറുകളുടെ ചരക്കുകൈമാറ്റമാണ് നടന്നത്. ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയുമടങ്ങിയതാണ് ഈ കണക്കെന്ന് സൗദി തുറമുഖ അതോറിറ്റി അല്‍-മവാനി വ്യക്തമാക്കി.
ട്രാന്‍സ്ഷിപ്പ്മെന്റ് അഥവാ ഒരു രാജ്യത്തുനിന്ന് മറ്റുരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറുകളും ഈ കണക്കില്‍ ഉള്‍പ്പെടുന്നുണ്ട്. 19.85% ത്തിന്റെ വര്‍ധനവാണ് ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. അതേസമയം ഈ വര്‍ഷം മൂന്നാം പാദത്തില്‍ 75 ദശലക്ഷം ടണ്‍ ചരക്ക് നീക്കമാണ് സൗദി തുറമുഖങ്ങളില്‍ നടന്നിരിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
ഈ വര്‍ഷം, 4.73%(3,235)മാണ് കപ്പലുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണവും 97.53%(173,000)മായി വര്‍ദ്ധിച്ചിട്ടുണ്ട്.
അതേസമയം, കപ്പല്‍ വഴിയുള്ള കാറുകളുടെ കൈമാറ്റത്തില്‍ 44.83% (203,000) വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍, കന്നുകാലി കൈമാറ്റത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17.93% വളര്‍ച്ചയാണ് സംഭവിച്ചിട്ടുള്ളത്.