Saudi Arabia
സൗദിയിൽ വിലക്കയറ്റം ഡിസംബറിലും തുടർന്നു; കണക്ക് പുറത്തുവിട്ട് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി
Saudi Arabia

സൗദിയിൽ വിലക്കയറ്റം ഡിസംബറിലും തുടർന്നു; കണക്ക് പുറത്തുവിട്ട് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി

Web Desk
|
16 Jan 2023 6:42 PM GMT

പണപ്പെരുപ്പം തുടരുന്നതും വിലക്കയറ്റത്തിന് കാരണമായി

റിയാദ്: സൗദിയിൽ വിലക്കയറ്റം ഡിസംബറിലും തുടർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കോഴിയിറച്ചിക്കും മുട്ടക്കും 40 ശതമാനം വരെ വില കൂടി. മുൻ വർഷവുമായി താരതമ്യം ചെയ്താണ് കണക്ക്. പണപ്പെരുപ്പം തുടരുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

പത്ത് തരങ്ങളാക്കി തിരിച്ചാണ് സ്റ്റാറ്റിറ്റിസ്റ്റിക്‌സ് അതോറിറ്റി കണക്ക് പുറത്ത് വിട്ടത്. 2021ൽ 16 റിയാൽ വരെയായിരുന്നു കോഴി മുട്ടക്ക് 30 എണ്ണത്തിനുള്ള വില. ഈ വർഷമത് 22 റിയാൽ വരെ പിന്നിട്ടു. അതായത് 41 ശതമാനം വരെ വിലവർധനവ്. പ്രാദേശികമായി ഉണ്ടാക്കുന്ന കോഴിയിറച്ചി 900 ഗ്രാമിന് 14 റിയാലായിരുന്നു 2021 ഡിസംബറിലെ വില. 2022 ഡിസംബറിലത് 19 റിയാൽ പിന്നിട്ടു. വിദേശത്ത് നിന്ന് ഇറക്കു മതി ചെയ്ത ഫ്രോസൺ കോഴിയിറച്ചിക്കും ഇതേ രീതിയിൽ വിലകൂടി. 63 റിയാൽ വരെയുണ്ടായിരുന്ന ഒന്നേ മുക്കാൽ കിലോ ഗ്രാമിന്റെ പാൽപൊടിക്ക് വില നിലവിൽ 81 റിയാൽ വരെയെത്തി.

വെജിറ്റബിൾ ഓയിലിന്റെ വിലയിലും വന്നു 24 ശതമാനം വരെ വിലക്കയറ്റം. അലക്കാനുള്ള പൊടികൾക്കും ദ്രാവകങ്ങൾക്കും വില 17 ശതമാനം കൂടി. കുഞ്ഞുങ്ങൾക്കുപയോഗിക്കുന്ന വസ്തുക്കളിലും വില വർധനയുണ്ട്. വാഹനങ്ങളുടെ ഓയിൽ മാറ്റം, അപാർട്ട്‌മെന്റുകൾ എന്നിവക്ക് ആറ് ശതമാനം വരെ വിലകൂടി. ഇറക്കുമതി ചെയ്യുന്ന പ്ലൈവുഡ് ഉൾപ്പെടെ നിർമാണ വസ്തുക്കൾക്ക് വില കൂടിയെന്നാണ് കണക്ക്. അതേ സമയം ഇന്ത്യൻ ഏലം, കുരുമുളക്, വിവിധ പച്ചക്കറിയിനങങ്ങൾ എന്നിവക്ക് വില കുറഞ്ഞു.

കാർ റിപ്പയിറിങ്ങിനുള്ള ചാർജിലും രണ്ട് ശതമാനം നിരക്ക് കുറഞ്ഞെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. സ്ത്രീകളുടെ വസ്ത്രങ്ങൾക്കും വിലകുറഞ്ഞു. രാജ്യത്ത് സ്റ്റീലിന് വിലകുറഞ്ഞത് നിർമാണ രംഗത്ത് ഗുണം ചെയ്തതായും മന്ത്രാലയം പറയുന്നു. യുക്രൈൻ യുദ്ധമാണ് ഇറക്കുമതി നിരക്ക് വർധിപ്പിച്ചത്. ഇതോടൊപ്പം മൂല്യ വർധിത നികുതി അഞ്ചിൽ നിന്നും 15 ശതമാനമാക്കി വർധിപ്പിച്ചതോടെയാണ് സൗദിയിൽ പണപ്പെരുപ്പം പ്രകടമായത്. പണപ്പെരുപ്പം വരുന്നതോടെ ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലയിലും വർധനവുണ്ടാകും. ഇത് മറികടക്കാൻ വിവിധ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ പക്ഷം.


Similar Posts