Saudi Arabia
സൗദിയില്‍ സ്വകാര്യവത്കരണപ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശം
Saudi Arabia

സൗദിയില്‍ സ്വകാര്യവത്കരണപ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശം

Web Desk
|
11 Oct 2021 5:39 PM GMT

അടുത്ത വര്‍ഷത്തോടെയാണ് സൗദിയില്‍ സ്വകാര്യ വല്‍ക്കരണ പ്രക്രിയകള്‍ ആരംഭിക്കുന്നത്.

സൗദിയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന സ്വകാര്യവല്‍ക്കരണ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാന്‍ അഴിമതി വിരുദ്ധ സമിതിക്കും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റിനും നിര്‍ദ്ദേശം നല്‍കി. സൗദി രാജാവ് സല്‍മാന്‍ രാജാവാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതിന്‍റെ ഭാഗമായാണ് ഉത്തരവ്.

രാജ്യത്ത് അടുത്ത വര്‍ഷത്തോടെയാണ് സ്വകാര്യ വല്‍ക്കരണ പ്രക്രിയകള്‍ ആരംഭിക്കുന്നത്. അഴിമതി വിരുദ്ധ സമിതിയായ നസഹക്കും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റ് ജി.സി.എ ക്കുമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ആവശ്യ ഘട്ടങ്ങളില്‍ ഇടപെടുന്നതിന് നാഷണല്‍ സെന്‍റര്‍ ഫോര്‍ പ്രൈവറ്റൈസേഷന്‍ എന്‍.സി.പിക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ സ്വകാര്യ വല്‍കരണ പദ്ധതിയുടെ നേരിട്ടുള്ള മേല്‍ നോട്ടം നസഹയും ജി.സി.എയും ഏറ്റെടുക്കും.

പതിനേഴ് മേഖലകളുടെ സ്വകാര്യവത്കരണം നടത്തുന്നതിനാണ് ഇതിനകം എന്‍.സി.പി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യം, പരിസ്ഥിതി, ജലം, കൃഷി, മുന്‍സിപ്പാലിറ്റികള്‍, പാര്‍പ്പിടം, ഊര്‍ജ്ജം, വ്യവസായം ധാതു വിഭവങ്ങള്‍, പൊതു ഗതാഗതം, ആഭ്യന്തരം, ആശയവിനിമയം, വിദ്യഭ്യാസം, ഹജ്ജ് ഉംറ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ നസഹയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമായി തുടരുന്നുണ്ട്. കഴിഞ്ഞ മാസവും പതിനായിരത്തിലധികം പരിശോധനകള്‍ അതോറിറ്റി നടത്തി. ഇതില്‍ അറുന്നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും നസഹ വെളിപ്പെടുത്തി.

Similar Posts