വേനലവധിക്ക് ശേഷം സൗദിയിലെ സ്‌കൂളുകൾ നാളെ തുറക്കും
|ഈ വർഷം മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ അധ്യാപനം നിർവഹിക്കുന്നതിന് അധ്യാപികമാർക്ക് അനുവാദം നൽകിയിട്ടുണ്ട്.
സൗദിയിലെ സ്‌കൂളുകൾ വേനലവധിക്ക് ശേഷം നാളെ തുറക്കും. സർക്കാർ, സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നാളെ മുതൽ പുതിയ അധ്യാന വർഷത്തിന് തുടക്കമാകും. 60 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളാണ് നീണ്ട അവധിക്ക് ശേഷം നാളെ കലാലയങ്ങളിലേക്ക് തിരികെ എത്തുക. ഇന്ത്യൻ സ്‌കൂളുകൾ അടുത്തയാഴ്ചയാണ് പ്രവർത്തനമാരംഭിക്കുക.
രാജ്യത്തെ പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സ്‌കൂളുകൾ ഒരുങ്ങി കഴിഞ്ഞു. നീണ്ട രണ്ട് മാസത്തെ വേനലവധിക്ക് ശേഷമാണ് സ്‌കൂളുകൾ തുറക്കുന്നത്. സർക്കാർ, സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നാളെ മുതൽ ക്ലാസുകൾ ആരംഭിക്കും.
സ്‌കൂളുകളിൽ പുതുതായി എത്തുന്നവരെ സ്വീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി വ്യാപക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ അധ്യാനവർഷത്തെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. പുതുതായി പണിത നിരവധി സ്‌കൂളുകളും കെട്ടിടങ്ങളും നാളെ രാജ്യത്തിന് സമർപ്പിക്കും.
ഈ വർഷം മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ അധ്യാപനം നിർവഹിക്കുന്നതിന് അധ്യാപികമാർക്ക് അനുവാദം നൽകിയിട്ടുണ്ട്.
സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരങ്ങളിൽ ട്രാഫിക് മുൻകരുതലുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സ്‌കൂളുകളിൽ അടുത്ത ഞായറാഴ്ച മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.