നികുതിയടവുകള്ക്കായി പുതിയ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുമായി സൗദി ടാക്സ് അതോറിറ്റി
|സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ കീഴില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള പുതിയ ആപ്ലിക്കേഷന്‍ (സത്ക) പുറത്തിറക്കി. നികുതിയടക്കുന്നവര്ക്കാവശ്യമായ സേവനങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ എളുപ്പത്തിലാക്കി ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സംവിധാനിച്ചിരിക്കുന്നത്.
സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആപ്ലിക്കേഷന്റ നിരവധി സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. പ്രത്യേകിച്ച് സകാത്ത്-നികുതിയടവുകള്‍, സ്ഥാപനങ്ങള്‍ക്കുള്ള നികുതി റിട്ടേണുകള്‍, നികുതി വിധേയമായ വില്ക്കല്-വാങ്ങലുകള്‍ തുടങ്ങി നികുതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ആപ്ലിക്കേഷന്‍ ഉപകാരമപ്രദമായിരിക്കും.
കൂടാതെ അക്കൗണ്ടിങ് ഓഫീസുകള്‍ക്കും സേവന ദാതാക്കള്‍ക്കും അവരുടെ നടപടിക്രമങ്ങളും ഇടപാടുകളും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കാനും ആപ്ലിക്കേഷന്‍ വഴി സാധിക്കും.
എല്ലാ നികുതിദായകര്‍ക്കും ഉപഭോക്താക്കള്‍ക്കും ലളിതവും മികച്ചതുമായ ഫീച്ചറുകളിലൂടെ നൂതന സാങ്കേതിക പരിഹാരമായാണ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടെക്നിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ സിസ്റ്റംസ് ഡെപ്യൂട്ടി ഗവര്‍ണര്‍ എഞ്ചിനീയര്‍ ഹജര്‍ അല്‍-ബദ്രാനി വ്യക്തമാക്കി. നിരവധി കസ്റ്റംസ് സേവനങ്ങള്‍ക്ക് പുറമേ, അതോറിറ്റിയുടെ ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ പേയ്മെന്റ് പ്രക്രിയകളെക്കുറിച്ച് അന്വേഷിക്കാനും, അതിലൂടെ സമയവും പരിശ്രമവും ലാഭിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വസനീയവും സുരക്ഷിതവമായി ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഇലക്ട്രോണിക് പേയ്മെന്റ് സവിശേഷതയാണ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത.