Saudi Arabia
Saudi to Founding Day celebration
Saudi Arabia

സൗദി സ്ഥാപകദിന ആഘോഷത്തിലേക്ക്; ഒരാഴ്ചയിലേറെ നീളുന്ന പരിപാടി

Web Desk
|
20 Feb 2023 7:50 PM GMT

സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷങ്ങൾ നടക്കും.

സൗദിയിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന പരിപാടികൾ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി ചെറുതും വലുതുമായ 500ലധികം പരിപാടികളാണ് സംഘടിപ്പിക്കുക. ആദ്യ രാജ്യം സ്ഥാപിച്ച റിയാദിലെ ദിരിയ്യയോട് ചേർന്നാകും പ്രധാന പരിപാടികൾ.

സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷങ്ങൾ നടക്കും. സ്ഥാപക ദിനമായ ഫെബ്രുവരി 22 ബുധനാഴ്ച ഔദ്യോഗിക അവധിയാണ്. പൊതുമേഖലാ ജീവനക്കാർക്കും വിദ്യാർഥികൾക്കും ഫെബ്രുവരി 23 വ്യാഴാഴ്ചയും അവധി ലഭിക്കുന്നതോടെ നാല് ദിനം അവധി ലഭിക്കും. സ്വകാര്യ കമ്പനികൾക്ക് വ്യാഴാഴ്ച അവധി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് മാനവവിഭവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചിരുന്നു.

സ്ഥാപക ദിനം കഴിഞ്ഞ വർഷമാണ് സൗദി ആദ്യമായി ആഘോഷിച്ചത്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് 1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിൽ റിയാദിലെ ദിരിയ്യ ആസ്ഥാനമായി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായതാണ് ആഘോഷത്തിന് പിന്നിൽ. വിവിധ കലകളിലൂടെ സൗദിയുടെ ചരിത്രം രാജ്യത്തെ തെരുവുകളിൽ ചിത്രീകരിക്കും.

ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 27 വരെ റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റിയിലെ കോൺഫറൻസ് സെന്ററിൽ ഇതിന്റെ ഭാഗമായി നാടകങ്ങളുണ്ടാകും. സ്ഥാപക ദിനത്തിൽ കരിമരുന്ന് പ്രയോഗങ്ങളും വ്യോമാഭ്യാസങ്ങളുമുണ്ട്. ഫെബ്രുവരി 24ന് വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ശേഷം സ്ഥാപകദിന ചരത്രം പറയുന്ന ചരിത്ര ഘോഷയാത്രയുണ്ടാകും.

റിയാദിലെ പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡിലായിരിക്കും ഇത്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കിങ് ഫഹദ് നാഷണൽ ലൈബ്രറിയിൽ സെമിനാറും ശിൽപശാലകളുമുണ്ട്. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റും സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിക്കും. ഓരോ നഗരവും തിരിച്ചുള്ള പരിപാടികളുടെ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.


Similar Posts