വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി
|കോവിഡിന് ശേഷം സൗദി സാധാരണ നിലയിലേക്ക് തിരിച്ചത്തിയ സാഹചര്യത്തിലാണ് തീരുമാനം
പുതിയ സീസണില്‍ വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ കൂടി സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി ഹജ്ജ് ഉംറകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിന് മുമ്പ് വിവിധ രാജ്യങ്ങളുമായി ധാരണയിലെത്തിയ ഉംറ ക്വാട്ട അനുസരിച്ചുള്ള തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിന് ശേഷം സൗദി അറേബ്യ സാധാരണ നിലയിലേക്ക് തിരിച്ചത്തിയ സാഹചര്യത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനം. പുതിയ സീസണില്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് ഹജ്ജ് ഉംറ ഉപമന്ത്രി ഡോ. അമര്‍ അല്‍ മദ്ദ പറഞ്ഞത്.
കോവിഡിന് മുമ്പ് സൗദി മറ്റു രാഷ്ട്രങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഉംറ തീര്‍ഥാടന ക്വാട്ടയനുസരിച്ചുള്ള തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് മന്ത്രാലയം സന്നദ്ധത അറിയിച്ചതായി പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ രീതിയില്‍ ഉംറ നിര്‍വ്വഹണം ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായി മന്ത്രാലയത്തിന് കീഴിലെ മൊബൈല്‍ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നതായി മന്ത്രാലയം അറിയിച്ചു.
ഇഅ്തമര്‍ന, ഷാഇര്‍ ആപ്പുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് വഴി വിദേശത്ത് നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കിയാണ് തീര്‍ഥാടനം പുനരാരംഭിക്കുക. കഴിഞ്ഞ ഹജ്ജ് സീസണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു.