സൗദിയും യുഎഇയും ഇറാനും ബ്രിക്സിലേക്ക്; ഈജിപ്ത്, അർജന്റീന, എത്യോപ്യ എന്നിവരുമെത്തും
|ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയിലാണ് തീരുമാനം
ബ്രിക്സ് ഗൂപ്പിൽ ചേരാൻ സൗദിയും ഇറാനും യുഎഇയും ഉൾപ്പെടെ ആറു രാജ്യങ്ങൾക്ക് ക്ഷണം. ജോഹന്നസ്ബർഗിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് പുതുതായി ആറു രാജ്യങ്ങളെ കൂടി ഗ്രൂപ്പിന്റെ ഭാഗമായി മാറാൻ ക്ഷണിച്ചത്. പുതിയ രാജ്യങ്ങളെ ഇന്ത്യയും സ്വാഗതം ചെയ്തു.
സൗദി അറേബ്യക്കു പുറമെ യു.എ.ഇ, ഈജിപ്ത്, അർജന്റീന, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് അടുത്ത വർഷാദ്യം മുതൽ ബ്രിക്സ് ഗ്രൂപ്പിൽ ചേരാൻ ക്ഷണം ലഭിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയിലാണ് തീരുമാനം. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു വികസ്വര രാജ്യങ്ങളാണ് ബ്രിക്സ് അംഗങ്ങൾ. രണ്ടാം തവണയാണ് ഗ്രൂപ്പ് വിപുലീകരിക്കുന്നത്. 2009 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ബ്രിക്സ് രൂപീകരിച്ചത്. 2010 ൽ ദക്ഷിണാഫ്രിക്കയെയും ഉൾപ്പെടുത്തി.
ലോക ജനസംഖ്യയുടെ 40 ശതമാനവും ലോകത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 25 ശതമാനത്തിലേറെയും ബ്രിക്സ് രാജ്യങ്ങളിലാണ്. ആ നിലക്ക് സൗദിയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിൽ അംഗമാകാൻ ശ്രമത്തിലായിരുന്നു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കകയും ചെയ്തു.
പുതിയ അംഗങ്ങൾ ചേരുന്നത് ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പങ്കാളിത്ത ശ്രമങ്ങൾക്ക് പുതിയ ഉണർവ് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ അംഗങ്ങളുടെ വരവ് ഗ്ഗൂപ്പിനെ ശക്തമാക്കുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസിയും സൗദിക്കുളള ക്ഷണത്തെ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു.