ഹജ്ജിന്റെ മുന്നോടിയായി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
|വെള്ളിയാഴ്ച മുതൽ ഉംറ തീർഥാടകർക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ല. ഹജ്ജ് സീസൺ അവസാനിക്കുന്നതോടെ ദുൽഹജ്ജ് 20 മുതൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങും.
റിയാദ്: ഹജ്ജ് ക്രമീകരണങ്ങളുടെ ഭാഗമായി ജൂണ് 23 വ്യാഴാഴ്ച വരെ മാത്രമേ ഉംറ തീർഥാടകർക്ക് പെർമിറ്റുകളനുവദിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വെള്ളിയാഴ്ച മുതൽ ഉംറ തീർഥാടകർക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ല. ഹജ്ജ് സീസൺ അവസാനിക്കുന്നതോടെ ദുൽഹജ്ജ് 20 മുതൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങും. ഏകദേശം ഒരു മാസത്തേക്ക് മാത്രമാണ് ഉംറ തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഹജ്ജ് തീർഥാടകർക്ക് തിരക്കില്ലാതെ കർമ്മങ്ങൾ ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ നിന്നും ജിദ്ദ വിമാനത്താവളം വഴിയും ഹജ്ജ് തീർഥാടകർ മക്കയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ മദീനയിലെത്തിയ തീർഥാടകരും മക്കയിലെത്തിത്തുടങ്ങി. കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരും മക്കയിലേക്ക് പ്രവേശിച്ച് തുടങ്ങിയതോടെ മക്കയിൽ തിരക്ക് വർധിച്ച് വരികയാണ്. കേരളത്തിൽ നിന്നും സ്വകാര്യ ഗ്രൂപ്പുകളിലായി ജിദ്ദ വിമാനത്താവളം വഴി നേരത്തെ മക്കയിലെത്തിയ മലയാളി തീർഥാടകർ ദുൽഖഅദ 24 മുതൽ മദീന സന്ദർശനത്തിനായി പുറപ്പെടും. പിന്നീട് ഹജ്ജിനോടടുത്ത ദിവസങ്ങളിലായിരിക്കും ഇവർ മക്കയിൽ തിരിച്ചെത്തുക. ദുൽഹജ്ജ് ഏഴിന് മുഴുവൻ തീർഥാടകരും ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് പുറപ്പെടും.