വലിയ ഉപകരണങ്ങൾ നിരീക്ഷിക്കാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സൗദി
|ചിലവ് 25% കുറക്കാൻ കഴിഞ്ഞതായി എ.ഐ അതോറിറ്റി
ജിദ്ദ: മുന്നൂറിലേറെ വലിയ ഉപകരണങ്ങൾ നിരീക്ഷിക്കുന്നതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സൗദി അറേബ്യ. റിയാദ് എയർപോർട്ടിലെ ജീവനക്കാരുടെ സേവന നിരീക്ഷണത്തിലും എ.ഐ ഉപയോഗപ്പെടുത്തുകയാണ്. ഇതുവഴി നേരത്തെ ആവശ്യമായി വന്നിരുന്ന ചിലവ് ഇരുപത്തിയഞ്ച് ശതമാനം കുറക്കാൻ സാധിച്ചതായി എ.ഐ അതോറിറ്റി പറഞ്ഞു.
സൗദിയുടെ പ്രധാന പദ്ധതിയാണ് റെഡ് സീ. റെഡ് സീ പദ്ധതി പ്രദേശത്തെ കൂറ്റൻ ഉപകരണങ്ങളും ഭാരമേറിയ ഉപകരണങ്ങളും നിരീക്ഷിക്കാനാണ് എഐ ഉപയോഗിക്കുന്നത്. റെഡ് സീ പദ്ധതിയിൽ മാത്രം 350 കൂറ്റൻ ഉപകരണങ്ങളുണ്ട്. കമ്പനികൾക്ക് ഉപകരണങ്ങളുടെ പ്രകടനവും കാര്യക്ഷമതയും തൽസമയം എളുപ്പത്തിൽ ട്രാക്ക് ചെയ്യാം. നേരത്തെ അറ്റകുറ്റപ്പണിയുടെ സമയമാകുന്നതും ഉപകരണങ്ങളുടെ പ്രവർത്തനവും ജോലിക്കാരാണ് നിരീക്ഷിച്ചിരുന്നത്. ഇതിനാണിപ്പോൾ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. 25% വരെ ചെലവ് ഇതുവഴി കുറക്കാൻ ആവുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. നൂതന എ ഐ അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക.
റിയാദ് എയർപോർട്ടിലെ 13,000 തൊഴിലാളികളുടെ സേവന നിരീക്ഷണത്തിനും എഐ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. എഐ ഉപയോഗിക്കുന്നതിലൂടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കാനാകും. വിവിധ പദ്ധതികളുടെ പൂർത്തീകരണ കാലാവധി ഇതുവഴി കുറയ്ക്കുകയും ചെയ്യാനാകും. പരീക്ഷണം വിജയിക്കുന്നതോടെ കൂടുതൽ പദ്ധതികളിൽ എഐ സാങ്കേതിക വിദ്യ സൗദി ഉപയോഗപ്പെടുത്തും.