സൗദിയില്‍ വിമാനത്തിലും ട്രെയിനിലും കയറാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം
|സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിക്കുന്ന കാര്യം സൂചിപ്പിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്
സൗദിയില്‍ ഒക്ടോബര്‍ പത്തു മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ കയറാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അന്താരാഷ്ട്ര വിമാനങ്ങളില്‍ വരുന്നവരുടെ കാര്യത്തില്‍ ഇതുവരെ ഗാക്ക സര്‍ക്കുലര്‍ പ്രകാരം മാറ്റമൊന്നുമില്ല. ട്രെയിന്‍ സര്‍വീസുകളില്‍ കയറാനും നിബന്ധന മാറ്റിയതായി റെയില്‍വേ അറിയിച്ചു.
അന്താരാഷ്ട്ര വിമാനങ്ങളില്‍ വരുന്നവര്‍ വാക്‌സിന്‍ പൂര്‍ത്തിയായില്ലെങ്കില്‍ സൗദിയിലെത്തിയ ശേഷം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മതി. എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസും, ട്രെയിന്‍, ബസ് സര്‍വീസും ഉപയോഗിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ സൗദിയില്‍ നിര്‍ബന്ധമായിരിക്കും. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിക്കുന്ന കാര്യം സൂചിപ്പിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ തവക്കല്‍നാ ആപ് തന്നെ മാറും.
നിലവില്‍ ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും ഇമ്യൂണ്‍ ബൈ ഫസ്റ്റ് ഡോസ് എന്ന സ്റ്റാറ്റസ് ഉണ്ട്. ഇനി അതുണ്ടാകില്ല. രണ്ട് ഡോസും സ്വീകരിച്ചവരുടെ തവക്കല്‍നാ ആപില്‍ മാത്രമേ ഇമ്യൂണ്‍ എന്ന പച്ച സ്റ്റാറ്റസ് കാണിക്കൂ. കടകളില്‍ കയറാനും പുറത്തിറങ്ങാനും ഇത് വേണ്ടി വരും. ഇതോടെ ഈ മാസം പത്തിനകം എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടി വരും