സൗദിയിൽ വാക്സിനേഷനിലൂടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം
|843 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ഇന്നത്തേതുൾപ്പെടെ ചികിത്സയിലുള്ളവരുടെ എണ്ണം ഉയർന്ന് 23,246 ലെത്തി
സൗദിയിൽ ഇന്ന് 3460 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു.ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഉയർന്ന് ഇരുപത്തി മൂവായിരത്തിനും മുകളിലെത്തി. വാക്സിനേഷനിലൂടെ രാജ്യത്തെ ഗുരുതര കേസുകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഒന്നേകാൽ ലക്ഷത്തോളം പേരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ 3,460 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ആയിരത്തിലധികം പേരും റിയാദിലാണ്. ജിദ്ദയിൽ 769, മക്കയിൽ 383, മദീനയിൽ 149, ദമ്മാമിൽ 110 എന്നിങ്ങിനെയാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച മറ്റു നഗരങ്ങൾ. 843 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ഇന്നത്തേതുൾപ്പെടെ ചികിത്സയിലുള്ളവരുടെ എണ്ണം ഉയർന്ന് 23,246 ലെത്തി.
സമൂഹത്തിന്റെ സംരക്ഷണത്തിൽ വാക്സിനുകളുടെ സ്വാധീനം ചെറുതല്ലെന്നും, ഗുരുതര കേസുകളുടെ എണ്ണം കുറക്കുന്നതിന് വാക്സിനുകൾ ഏറെ സഹായകരമായെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദു ആലി പറഞ്ഞു. 2020 ലെ കോവിഡ് വ്യാപന കാലത്ത് പ്രതിദിന കേസുകൾ 3400ന് മുകളിലായിരുന്നപ്പോൾ, 2278 പേർ അത്യാസന്ന നിലയിലായിരുന്നു. എന്നാൽ ഇന്ന് പ്രതിദിന കേസുകൾ അന്നേത്തിന് സമാനമാണെങ്കിലും, ഗുരുതരാവസ്ഥയിലുള്ളത് 141 പേർ മാത്രമാണ്. ഇത് വാക്സിനുകളുടെ പ്രവർത്തനഫലമാണെന്നും അബ്ദുൽ ആലി പറഞ്ഞു.