'പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരതയ്ക്കായി റഷ്യയുമായി ചേർന്ന് പ്രവർത്തിക്കും'; പ്രഖ്യാപനവുമായി സൗദി കിരീടാവകാശി
|സൗദി കിരീടാവകാശിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിന്‍
റിയാദ്: പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി പറഞ്ഞു. എണ്ണ, എണ്ണയിതര മേഖലകളിൽ സഹകരണം ശക്തിപ്പടുത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. റിയാദിൽ റഷ്യൻ പ്രസിഡണ്ടും സൗദി കിരീടാവകാശിയും തമ്മിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കാനുള്ള തീരുമാനം.
ഔദ്യോഗിക സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡൻറ് വ്ളാദ്മിർ പുടിൻ സൗദിയിലെത്തിയത്. റിയാദിലെ അൽയമാമ കൊട്ടാരത്തിൽ കിരിടീവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളെക്കുറിച്ചും എല്ലാ മേഖലകളിലെയും വികസന മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിജയകരമായി തുടരുകയാണെന്ന് പറഞ്ഞ കിരീടാവകാശി, പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
രാഷ്ടീയം, സാമ്പത്തികം, മാനവവിഭവശേഷി എന്നീ തലങ്ങളിൽ സൗദി അറേബ്യയുമായി തങ്ങൾക്ക് സുസ്ഥിരവും നല്ലതുമായ ബന്ധമാണുള്ളതെന്ന് പുടിൻ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി റഷ്യയും സൗദിയും തമ്മിലുള്ള ബന്ധം അഭൂതപൂർവമായ തലത്തിൽ എത്തിയിട്ടുണ്ട്. അടുത്ത കൂടിക്കാഴ്ച മോസ്‌കോയിൽ നടക്കണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളുടെ വികാസത്തെ തടയാൻ യാതൊന്നിനും കഴിയില്ലെന്നും പുടിൻ പറഞ്ഞു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
Summary: 'Will work with Russia for political stability in West Asia'; Says Saudi Arabia crown prince after meeting with Vladimir Putin