ഡെലിവറി ജീവനക്കാർക്ക് പുതിയ നിബന്ധനകളുമായി സൗദി; നിർദ്ദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചു
|ദമ്മാം: സൗദിയിൽ ഡെലിവറി ജീവനക്കാർക്ക് പുതിയ വ്യവസ്ഥകൾ നടപ്പാക്കാനൊരുങ്ങി മുനിസിപ്പൽ മന്ത്രാലയം. 12 വ്യവസ്ഥകളടങ്ങുന്ന കരട് നിയമാവലി പൊതുജന അഭിപ്രായം തേടി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ മന്ത്രാലയം പരസ്യപ്പെടുത്തി. ആരോഗ്യ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, സ്ഥാപനങ്ങൾ ജീവനക്കാർക്ക് യൂണിഫോം നിർണ്ണയിക്കുക, സ്ഥാപനത്തിന്റെ പേരോ ട്രേഡ് മാർക്കോ യൂണിഫോമിൽ ആലേഖനം ചെയ്യുക, ഭക്ഷ്യ വസ്തുക്കൾ ഡെലിവറി ചെയ്യുമ്പോൾ മുഴുസമയം കൈയ്യുറയും മാസ്കും ധരിക്കുക, പുക വലിക്കാതരിക്കുക, ഭക്ഷ്യ വസ്തുക്കളുടെ കവറുകൾ സീൽ ചെയ്യുക തുടങ്ങിയ നിബന്ധനകൾ ഉറപ്പ് വരുത്തുന്നതാണ് പുതിയ നിയമം. ജീവനക്കാർക്ക് സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ അവബോധം നൽകുന്നതിന് പരിശീലനങ്ങൾ സംഘടിപ്പിക്കണമെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്. നേരത്തെയുള്ള ഗതാഗത മന്ത്രാലയത്തിന്റെയും വാണിജ്യ മന്ത്രാലയത്തിന്റെയും പൊതു മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും പുറമേയാണ് പുതിയ നിബന്ധനകൾ.