63 രാജ്യങ്ങളിലേക്ക് ഇ-വിസ; അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി സൗദി
|ഇന്ത്യയിലെയും ചൈനയിലെയും സഞ്ചാരികളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സൗദി ടൂറിസം മന്ത്രാലയം
ദമ്മാം: അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ കൂടുതൽ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിയിലെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇടത്തര വരുമാനക്കാരായ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് ടൂറിസം മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 2023-ഓടെ 100 ദശലക്ഷം സന്ദർശകർ എന്ന ലക്ഷ്യം ഇതിനകം മറികടന്ന സൗദി 2030 ഓടെ 150 ദശലക്ഷം എന്ന എണ്ണം പൂർത്തീകരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
ചൈന ഉൾപ്പെടെ 63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതി വിപുലീകരിക്കാൻ സൗദിക്ക് പദ്ധതിയുള്ളതായി സൗദിയുടെ ടൂറിസം സഹമന്ത്രി സുൽത്താൻ അൽ മുസല്ലം വെളിപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അർഥവത്തായ സംഭാവന നൽകാൻ കഴിയുന്ന സന്ദർശകരെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഉയർന്ന വരുമാനമുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇന്ത്യയിൽ വളർന്നു വരുന്ന ഇടത്തരം വരുമാനക്കാരായ വിഭാഗം പ്രധാന സാധ്യതയാണ്. ഒരു കാലത്ത് അടുത്ത സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾ ഇപ്പോൾ കൂടുതൽ ദൂരം സഞ്ചരിക്കുവാനും ആഡംബരവും സാഹസികതയും നിറഞ്ഞ അനുഭവങ്ങളിൽ താൽപര്യമുള്ളവരുമാണ്. സമ്പന്നരായ യാത്രക്കാർക്കുള്ള പ്രധാനം ലക്ഷ്യസ്ഥാനങ്ങളിലൊന്നായി നിലകൊള്ളാൻ സൗദിക്ക് ഇത് അതുല്യ അവസരമാണെന്നും മന്ത്രി വ്യക്തമാക്കി