മക്ക-മദീന ഹറമൈൻ ട്രെയിൻ ഓടിക്കാൻ ഇനി വനിതകളും
|32 സ്വദേശി വനിതകൾ പരിശീലനം പൂർത്തിയാക്കി
റിയാദ്: മക്ക-മദീന ഹറമൈൻ ട്രെയിൻ ഓടിക്കാൻ ഇനി സൗദി വനിതകളും. 32 സ്വദേശി വനിതകൾ പരിശീലനം പൂർത്തിയാക്കിയതായി സൗദി റെയിൽവേ അറിയിച്ചു. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണിതെന്നും പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ് മക്ക-മദീന ഹറമൈൻ അതിവേഗ ട്രെയിൻ. ഈ ട്രെയിനുകളോടിക്കാനുള്ള ആദ്യ വനിതാ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ആഘോഷമായാണ് സൗദി റെയിൽവേ സംഘടിപ്പിച്ചത്.
ഡ്രൈവിങ് ക്യാബിനിലിരുന്ന് വനിതകൾ ട്രെയിനുകൾ ഓടിക്കുന്നതിന്റെയും പരിശീലനം നേടുന്നതിന്റെയും വീഡിയോ സൗദി റെയിൽവേ പുറത്തുവിട്ടു. സ്ത്രീ പുരുഷ ഭേദമന്യെ ക്യാപ്റ്റൻമാർക്ക് ട്രെയിൻ ഓടിക്കാൻ ഇനിയും പരിശീലനം നൽകുമെന്ന് പരിശീകനായ മുഹന്നദ് ഷേക്കർ പറഞ്ഞു.
പശ്ചിമേഷ്യയിലെ ആദ്യത്തെ വനിതാ എക്സ്പ്രസ് ട്രെയിൻ ലീഡറാകാനുള്ള അവസരം ലഭിച്ചതിൽ നിരവധി വനിതകൾ അഭിമാനം പ്രകടിപ്പിച്ചു. തീർഥാടകരെയും സന്ദർശകരെയും മക്കയിലും മദീനയിലും എത്തിക്കുന്നതിന് ശ്രദ്ധയോടെ പ്രവർത്തിക്കാനുള്ള വലിയ പ്രചോദനമാണെന്നും വനിത ഡ്രൈവർമാർ പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ തുടർച്ചയായാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിനിൽ ഡ്രൈവർമാരാകാൻ സൗദി വനിതകൾക്ക് പരിശീലനം നൽകുന്നതെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.
Saudi women will now drive the Makkah-Madinah Haramain train