തുർക്കിക്കും സിറിയക്കും സൗദിയുടെ ധനസഹായം; 24 മണിക്കൂറിനിടെ ശേഖരിച്ചത് 350 കോടി
|മെഡിക്കൽ സംഘവും, സിവിൽ ഡിഫൻസും, ദ്രുത കർമ സേനയും സൗദിയിൽ നിന്നും തുർക്കിയിലും സിറിയിയിലും എത്തി രക്ഷാപ്രവർത്തനം തുടങ്ങി
റിയാദ്: തുർക്കി സിറിയ ഭൂകമ്പ ബാധിതർക്കായി സൗദി അറേബ്യ നടത്തുന്ന ഫണ്ട് ശേഖരണം 350 കോടി രൂപ കവിഞ്ഞു. 24 മണിക്കൂർ പിന്നിടുന്ന ഭരണകൂടത്തിന്റെ ജനകീയ ഫണ്ട് പിരിവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭക്ഷ്യ മെഡിക്കൽ വസ്തുക്കളുമായി രക്ഷാ സേനയും മെഡിക്കൽ സംഘവും തുർക്കിയിലും സിറിയയിലും എത്തിയിട്ടുണ്ട്.
സൗദി ഭരണാധികാരികൾ നടത്തിയ സഹായ പ്രഖ്യാപനത്തോട് പ്രവാസികളടക്കം വൻ പിന്തുണയാണ് നൽകിയിത്. ബാങ്ക് അക്കൗണ്ടോ വിവിധ ഡിജിറ്റൽ വാലറ്റുകളുപയോഗിച്ചോ ആണ് പ്രവാസികളും സൗദികളും ഇതിൽ പങ്കാളികളാകുന്നത്. നാല് ലക്ഷത്തിലേറെ പേർ ഇതിനകം ചെറുതും വലുതുമായ സംഖ്യ നൽകി കഴിഞ്ഞു. തൊട്ടു പിന്നാലെ, 98 ടൺ സഹായ വസ്തുക്കൾ വീതം നാലു വിമാനങ്ങൾ തുർക്കിയിലെത്തി. ഇവിടെ നിന്നും റോഡ് മാർഗം സിറിയയിലും സഹായമെത്തിക്കും.
താൽക്കാലിക വീടുകൾ, ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് വിമാനങ്ങളിലെത്തിച്ചത്. രക്ഷാ പ്രവർത്തനം പൂർത്തിയാകും വരെ ദിനം പ്രതി നാലു വലിയ കാർഗോ വിമാനങ്ങൾ സേവനം തുടരും. മെഡിക്കൽ സംഘവും, സിവിൽ ഡിഫൻസും, ദ്രുത കർമ സേനയും സൗദിയിൽ നിന്നും തുർക്കിയിലും സിറിയിയിലും എത്തി രക്ഷാപ്രവർത്തനം തുടങ്ങി. വൻ ദുരന്തമേറ്റുവാങ്ങിയ സഹോദര രാജ്യങ്ങളോട് കനിവോടെ പ്രതികരിക്കുകയാണ് ഇന്ത്യക്കൊപ്പം ഗൾഫ് രാജ്യങ്ങളും. സൗദിയുടെ ഉദ്യമം ഇരു രാജ്യങ്ങളും ദുരിതത്തിൽ നിന്നും കരകയറു വരെ തുടരുമെന്ന് രാജാവും കിരീടാവകാശിയും പ്രഖ്യാപിച്ചിരുന്നു. തുർക്കിക്കും സിറിയക്കും ഭരണകൂടത്തിന് കീഴിൽ മറ്റു സഹായങ്ങളും ഉടൻ പ്രഖ്യാപിക്കും.