സൗദിയിൽ സ്വദേശിവൽക്കരണം ഊർജ്ജിതമാക്കുന്നു; മദീന മേഖലയിൽ പ്രത്യക പദ്ധതി
|മദീന മേഖലയിൽ സൗദിവൽക്കരണം ഊർജ്ജിതമാക്കാൻ പ്രത്യേക മാർഗരേഖ പുറത്തിറക്കി
മദീന മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിമാക്കുന്നതിനായി മാനവ വിഭശേഷി സാമൂഹിക വികസന മന്ത്രാലയം പ്രത്യേക മാർഗരേഖ പുറത്തിറക്കി. നിരവധി ചെറുകിട സ്ഥാപനങ്ങളും ചെറുകിട ജോലികളും സ്വദേശികൾക്കായി നീക്കിവെക്കും വിധമാണ് മാർഗരേഖ തയ്യാറാക്കിയിട്ടുള്ളത്.
റെസ്റ്റോറൻറുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജൂസ് കടകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ 40 ശതമാനം സ്വദേശികളായിരിക്കണം. ഒരു ഷിഫ്റ്റിൽ നാലോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുക. മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സ്വതന്ത്രമായതോ അല്ലാത്തതോ ആയ കെട്ടിടങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന കഫേകൾ, ഐസ്ക്രീം പാർലറുകൾ എന്നിവിടങ്ങളിലെ തൊഴിലുകളിൽ 50 ശതമാനം സ്വദേശിവത്കരിക്കും.ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുക.
കൂടാതെ ഭക്ഷണ പാനീയങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സ്ഥാപനങ്ങളിലും 50 ശതമാനം സ്വദേശിവൽക്കരിക്കും. എന്നാൽ ശുചീകരണം, ചരക്ക് കയറ്റിറക്ക് തുടങ്ങി മന്ത്രാലയം ഇളവ് അനുവദിച്ച ജോലികളിലേർപ്പെട്ടവർക്ക് തീരമാനം ബാധകമാകില്ല. മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റെപ്രസൻററീവ് ജോലികളിൽ 40 ശതമാനവും അക്കൗണ്ടിങ് ജോലികളിൽ 100 ശതമാനവും സ്വദേശിവത്കരിക്കണമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു.