രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ തുടക്കം; ഷാരൂഖ് ഖാന് സൗദിയുടെ ആദരം
|61 രാജ്യങ്ങളിലെ 41 ഭാഷകളില്‍ ഉള്ള 131 ഫീച്ചർ , ഷോർട്സ് ഫിലിമുകള്‍ മേളയിൽ പ്രദർശിപ്പിക്കും
ജിദ്ദ: രണ്ടാമത് റെഡ് സീ ഇന്‍റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിന് സൗദിയിലെ ജിദ്ദയിൽ തുടക്കമായി. സിനിമയാണ് എല്ലാം എന്ന തലക്കെട്ടിൽ ആരംഭിച്ച മേള ഡിസംബർ 10 വരെ തുടരും. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ത്യൻ നടൻ ഷാരൂഖ് ഖാനെ സൗദി അറേബ്യ ആദരിച്ചു
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സിനിമാ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. 61 രാജ്യങ്ങളിലെ 41 ഭാഷകളില്‍ ഉള്ള 131 ഫീച്ചർ , ഷോർട്സ് ഫിലിമുകള്‍ മേളയിൽ പ്രദർശിപ്പിക്കും. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും 24 ഷോർട്സ് ഫിലിമുകളും സൗദിയിൽ നിന്നുള്ളതാണ്.
ആദിത്യ ചോപ്ര സംവിധാനം ചെയ്ത് ഷാരൂഖ് ഖാനും കാജളും അഭിനയിച്ച 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന ചിത്രം ഫെസ്റ്റിവലിൻ്റെ ഉദ്‌ഘാടന ദിനത്തിൽ പ്രദർശിപ്പിച്ചു. ഇന്ത്യയിൽ നിന്നും ഷാരൂഖ് ഖാൻ, കരീന കപൂര്‍, സൈഫ് അലി ഖാന്‍ പ്രിയങ്ക ചോപ്ര, കാജൽ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും സംഗീതജ്ഞൻ എ.ആർ റഹ്മാനും വിവിദ സെഷനുകളിലായി ഫെസ്റ്റിവൽ വേദിയിൽ എത്തി.
ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ത്യൻ നടൻ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി സമ്മാനിച്ചു. റെഡ് സീ ഫിലിം ഫെസ്റ്റിവലിൽനിന്നും ഇത്തരത്തിലൊരു പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ഷാരൂഖ് ഖാന് പുരസ്കാരം സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽതുർക്കി പറഞ്ഞു.