Saudi Arabia
വേർപിരിഞ്ഞ സയാമീസുകൾ സൗദിയിൽ നന്ദി പറയാനെത്തി;   വികാര നിർഭര നിമിഷങ്ങൾക്ക് സാക്ഷിയായി റിയാദ്
Saudi Arabia

വേർപിരിഞ്ഞ സയാമീസുകൾ സൗദിയിൽ നന്ദി പറയാനെത്തി; വികാര നിർഭര നിമിഷങ്ങൾക്ക് സാക്ഷിയായി റിയാദ്

ഹാസിഫ് നീലഗിരി
|
24 Feb 2022 8:08 AM GMT

13 വർഷം മുന്നേയാണ് ശരീരം വേർപ്പെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായി നടന്നത്

പതിമൂന്ന് വർഷം മുന്നേ ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞ സയാമീസ് ഇരട്ടകൾ നന്ദിയും സ്നേഹവും കൈമാറാൻ സൗദിയിലെത്തി. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ ഹസ്സനും മഹ്‌മൂദുമാണ് 13 വര്‍ഷത്തിന് ശേഷം വീണ്ടും സൗദിയിലെത്തിയത്. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ സെന്റർ മേധാവിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഇരുവരും സന്തോഷം പ്രകടിപ്പിച്ചത്.

2009ലാണ് റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ഇവരുടെ സങ്കീര്‍ണ ശസത്രക്രിയ നടന്നത്. കുടലുകളും ജനനേന്ദ്രിയ ഭാഗങ്ങളും ഇടുപ്പ് ഭാഗങ്ങളുമെല്ലാം പറ്റിപ്പിടിച്ച് ഒന്നായിരുന്ന ഇവരെ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് വേര്‍തിരിച്ചത്. ഇതിനകം സമാന രീതിയിൽ എണ്ണമറ്റ സയാമീസുകളെ സൗദിയിലെ കിങ് സൽമാൻ റിലീഫ് സെന്ററിന് കീഴിൽ സൗജന്യമായി വേർപ്പെടുത്തിയിട്ടുണ്ട്.




ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ ദരിദ്രരുടെയും ദുരിതബാധിതരുടെയും തണലായി രാജ്യം നിലനില്‍ക്കുമെന്ന് ഡോ. അല്‍ റബിയ ഇവരുടെ സന്ദര്‍ശന വേളയില്‍ പറഞ്ഞു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍, ലോകത്തിന്റെ ഏതു ഭാഗത്തുള്ള മനുഷ്യരുടേയും കഷ്ടപ്പാടുകളും പ്രയാസങ്ങളും ലഘൂകരിക്കാനുള്ള രാജ്യത്തിന്റെ മഹത്തായ മാനുഷിക ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ സയാമീസ് ഇരട്ടകളുടെ വിജയകരമായ ചികിത്സയില്‍ തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷണലിസവും കാര്യക്ഷമതയുമുള്ള സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ തങ്ങളുടെ രണ്ട് ആണ്‍മക്കളുടെ ശസ്ത്രക്രിയയും ചികിത്സയും നടത്തുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സൗദി അധികാരികള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ നന്ദിയും കടപ്പാടും അറിയിച്ചു.

Similar Posts