ഹിന്ദു രാഷ്ട്രമെന്നതിലേക്ക് ഒതുക്കുന്നതിനെതിരായ വിധിയെഴുത്താകണം തെരഞ്ഞെടുപ്പ്: ഡോ. ശശി തരൂർ
|തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ശശി തരൂർ സൗദിയിലെത്തിയത്
റിയാദ്:ഇന്ത്യൻ ഭരണഘടനയെ മാറ്റി രാജ്യത്തെ ഹിന്ദു രാഷ്ട്രമെന്ന ഏക സങ്കൽപത്തിലേക്ക് ഒതുക്കുന്നതിനെതിരായ വിധിയെഴുത്താകണം ഈ വർഷത്തെ തെരഞ്ഞെടുപ്പെന്ന് ഡോ. ശശി തരൂർ എംപി. സൗദിയിലെ റിയാദിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചു നിൽക്കുന്ന കേരളത്തിന്റെ മാതൃക ഇന്ത്യയിലുടനീളം പടരണം. ഗൾഫ് രാജ്യങ്ങളുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച പ്രവാസികൾക്ക് അതിൽ സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ശശി തരൂർ സൗദിയിലെത്തിയത്.
തിരുവനന്തപുരം ജില്ലാ ഒഐസിസിയാണ് റിയാദിൽ സ്വീകരണം സംഘടിപ്പിച്ചത്. ഭരണഘടനക്ക് കീഴിൽ ശക്തമായി നിന്ന രാജ്യത്തിന്റെ ആത്മാവിനെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്നതിനെതിരായ വിധിയെഴുത്തായിരിക്കണം വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ്. വർഗീതയതയിലൂടെയാണ് അവർ ഭരിക്കുന്നത്. കേരളത്തിന്റെ മതേതരത്വത്തിന്റെ ശക്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കണം. ഇതിന് പ്രവാസികൾക്കും സഹായിക്കാനാകും- അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പതിമൂന്നാമത് വർഷികാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഖാദിയിൽ നെയ്ത ഭാരത ചരിത്രം എന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റ ആദ്യ പ്രചാരണ വേദി കൂടിയായി റിയാദിലൊരുക്കിയ സ്വീകരണ സമ്മേളനം മാറി. പരിപാടിയിൽ സംബന്ധിച്ച ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുമായും തരൂർ സംവദിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ഒഐസിസി ജില്ലാ പ്രസിഡൻറ് വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഷാദ് ആലംകോട് ആമുഖഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി റാസി ചേണാരി, നൗഫൽ പാലക്കാടൻ, ഫൈസൽ ബാഹസൻ, സുഗതൻ നൂറനാട് എന്നിവർ സംസാരിച്ചു. റിയാദിലും ജിദ്ദയിലും പൊതു പരിപാടികളിൽ ശശി തരൂർ പങ്കെടുക്കുന്നുണ്ട്.