സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ഇനി ചെമ്മീൻ ചാകര
|ആഗസ്റ്റ് 1ന് ആരംഭിച്ച് ആറ് മാസം നീണ്ടുനിൽക്കുന്നതാണ് പ്രദേശത്തെ ചെമ്മീൻ ചാകര.
റിയാദ്: സൗദിയിലിത് ചാകരക്കാലമാണ്. കിഴക്കൻ പ്രവിശ്യയിലെ കടലോരങ്ങളിൽ ഇനി കാണാനിരിക്കുന്നത് ചെമ്മീൻ ചാകരയാണ്. ആഗസ്റ്റ് 1 ന് ആരംഭിച്ച് ആറ് മാസം നീണ്ടുനിൽക്കുന്നതാണ് പ്രദേശത്തെ ചെമ്മീൻ ചാകര. ചെറുതും വലുതുമായ 710 മത്സ്യബന്ധന ബോട്ടുകൾക്കാണ് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. മനിഫ തുറമുഖത്ത് മുപ്പതും ,സഫാനിയ തുറമുഖത്ത് ഇരുപതും, ജുബൈൽ തുറമുഖത്ത് മുന്നൂറ്റിമുപ്പതും , ഖത്തീഫ് തുറമുഖത്ത് നൂറ്റിഅറുപതും, ഡാരിൻ ഐലൻഡ് തുറമുഖത്ത് നൂറ്റിഎഴുപതും മത്സ്യബന്ധന ബോട്ടുകളാണ് തുറമുഖങ്ങളിൽ ചെമ്മീൻ പിടച്ചിലിനായി കാത്തിരിക്കുന്നത്.
അറേബ്യൻ ഗൾഫ് തീരങ്ങളിൽ വടക്ക് ഖഫ്ജി ഗവർണറേറ്റ് മുതൽ തെക്ക് ഉഖൈർ ഗവർണറേറ്റ് വരെ 1,000 കിലോമീറ്റർ നീളത്തിലാണ് മത്സ്യബന്ധനം നടക്കുക. ചെമ്മീൻ മത്സ്യബന്ധന പെർമിറ്റ് നൽകുന്നതിന് ഇലക്ട്രോണിക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കു വേണ്ട മുഴുവൻ പിന്തുണയും നൽകുമെന്നും കിഴക്കൻ പ്രവിശ്യയിലെ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയ ഡയറക്ടർ, എൻജിനീയർ. ഫഹദ് അൽ ഹംസി അറിയിച്ചു.