സൗദിയിൽ ശൂറാ കൗൺസിലും ഉന്നത പണ്ഡിത സഭയും പുനഃസംഘടിപ്പിച്ചു
|29 വനിതകൾ അംഗങ്ങൾ
റിയാദ്: സൗദിയിൽ ശൂറാ കൗൺസിലും ഉന്നത പണ്ഡിത സഭയും പുനഃസംഘടിപ്പിച്ചു. സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് പരിഷ്‌കരണം. 29 വനിതകളാണ് പുതിയ ശൂറാ കൗൺസിലിൽ അംഗമായിട്ടുള്ളത്. ശൈഖ് ഡോക്ടർ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലു ശൈഖാണ് ശൂറാ കൗൺസിലിന്റെ പുതിയ സ്പീക്കർ. ഡോക്ടർ മിശ്അൽ ബിൻ ഫഹം അൽ സലമി ഡെപ്യൂട്ടി സ്പീക്കറും ഡോക്ടർ ഹനാൻ ബിൻത് അബ്ദുറഹീം ബിൻ മുത്‌ലഖ് അൽ അഹ്‌മദി അസിസ്റ്റൻഡ് സ്പീക്കറുമാണ്. സ്പീക്കറെ കൂടാതെ 150 അംഗങ്ങളാണ് കൗൺസിലിലുള്ളത്. അസിസ്റ്റന്റ് സ്പീക്കറടക്കം 29 വനിതകളും പുതിയ ശൂറാ കൗൺസിലിലുണ്ട്. രാജ കുടുംബാംഗമായ ഒരു വനിതയും ഇതിൽ ഉൾപ്പെടും.
പുരുഷന്മാർക്കിടയിൽ ഡോക്ടർ ഫഹദ് ബിൻ ഫൈസൽ ബിൻ സഅദ് അൽ അവ്വൽ ആൽ സൗദ് രാജകുമാരനും അംഗമാണ്. വനിതാ അംഗങ്ങളിൽ 27 പേർ ബിരുദധാരികളും രണ്ട് പേർ പ്രൊഫസർമാരുമാണ്. പണ്ഡിതസഭയിലുള്ളത് 21 അംഗങ്ങളാണ്. സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ആലു ശൈഖാണ് പണ്ഡിതസഭയുടെ പ്രസിഡന്റ്.