മദീനയിൽ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു
|7 റൂട്ടുകളിലായി 200 ബസുകൾ സജ്ജമാക്കിയതായി മദീന ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു
മദീനയിലെത്തുന്ന വിശ്വാസികൾക്ക് ഹറമിലേക്ക് വരുന്നത് എളുപ്പമാക്കാൻ ബസ് സർവീസുകൾ ആരംഭിച്ചു. ഷട്ടിൽ സർവീസുകളിൽ ഇരുന്നൂറ് ബസുകളാണ് ഉണ്ടാവുക. മക്കയിലും സമാന രീതിയിൽ സേവനമുണ്ട്. മക്കയിൽ ഇഅ്തികാഫ് ആചരിക്കുന്നവർക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി.
മദീനയിൽ റമദാനിലെ ആദ്യ രണ്ട് പത്തുകളിൽ വൈകുന്നേരം മൂന്നു മുതല്‍ തറാവീഹ് നമസ്കാരം കഴിഞ് ഒരു മണിക്കൂര്‍ വരെയാണ് ബസുകൾ സർവീസ് നടത്തുക. എന്നാൽ അവസാനത്തെ പത്തിൽ ഖിയാമുല്ലൈലിന് ശേഷം അര മണിക്കൂർ കൂടി സർവീസ് തുടരും. 7 റൂട്ടുകളിലായി 200 ബസുകൾ ഇതിനായി സജ്ജമാക്കിയതായി മദീന ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. മദീന ബസ് പദ്ധതിക്ക് കീഴിൽ അഞ്ച് റൂട്ടുകളിലായി 98 സ്റ്റേഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം, ഹറമൈന്‍ റെയില്‍വേ എന്നിവിടങ്ങളിൽ നിന്നും മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള റൂട്ടുകളില്‍ മുഴുസമയവും സര്‍വീസുണ്ടാകും.
34 സ്റ്റോപ്പുകളുളള അല്‍ആലിയ- ത്വൈബ യൂണിവേഴ്സിറ്റി റൂട്ടിലും, 38 സ്റ്റോപ്പുകളുള്ള മീഖാത്ത്- ഖാലിദിയ റൂട്ടിലും, 21 സ്റ്റോപ്പുകളുള്ള അല്‍ ഖുസ്വാ- സയ്യിദ് ശുഹദാഅ് റൂട്ടിലും പുലര്‍ച്ചെ മൂന്നു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് സര്‍വീസ്. വിശുദ്ധ മാസത്തിന് തുടക്കമായതോടെ മക്കയിലെ മസ്ജിദുൽ ഹറമിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചു. നുസുക്, തവക്കൽനാ എന്നീ ആപ്പുകളിൽ നിന്ന് പെർമിറ്റ് എടുത്ത് സമയക്രമം പാലിച്ച് വരുന്ന ഉംറ തീർഥാടകർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
എന്നാൽ റമദാനിലെ അവസാന പത്തിലുൾപ്പെടെ തറാവീഹ് ഉൾപ്പെടെയുള്ള നമസ്കാരങ്ങൾക്കും പ്രാർഥനക്കും പെർമിറ്റ് ആവശ്യമില്ലെന്നും ഇരു ഹറം കാര്യാലയം അറിയിച്ചു. കൂടാതെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ആചരിക്കുന്നവർക്കുള്ള ഒരുക്കങ്ങൾ പൂർത്തായതായും അധികൃതർ അറിയിച്ചു. കിംഗ് ഫഹദ് വികസന ഏരിയയുടെ ബേസ്മെൻ്റിലും കിംഗ് അബ്ദുല്ല വികസന ഏരയിയിലെ ഒന്നാം നിലയിലുമാണ് ഇഅ്ത്തികാഫിനുള്ള സൌകര്യങ്ങളൊരുക്കിയിരിക്കുന്നത്.