ജപ്തിയുടെ മറവില്‍ നിരപരാധി വേട്ട: എസ്.ഐ.സി നേതാക്കൾ മന്ത്രിയെ കണ്ടു
|ദമ്മാം: പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്.ഐ.സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.
തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക് എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നൽകിയ നിവേദനത്തിൽ എസ് ഐ സി ആവശ്യപ്പെട്ടു. ഹർത്താലും മിന്നൽ പണി മുടക്കുകളും കാലഹരണപ്പെട്ട സമര രീതിയായാണ് എസ്.ഐ.സി കരുതുന്നത്.
ജനാധിപത്യവിരുദ്ധമായ സമരമുറയാണ് ഹര്‍ത്താല്‍ എന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമാണ് തങ്ങളുടേത്. കടകളും വ്യവസായ സ്ഥാപനങ്ങളും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും അടപ്പിക്കുക, തല്ലിത്തകര്‍ക്കുക, വാഹനങ്ങള്‍ തടയുക, എതിര്‍ക്കുന്നവരെ അക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കിരാത പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും യുവജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന എസ്.ഐ.സി, ഇത്തരം അക്രമകാരികളെ കൃത്യമായി കണ്ടെത്തി അവരെ നിയമത്തിന് വിട്ട് കൊടുക്കണം എന്ന പക്ഷത്ത് തന്നെയാണ്.ഇത്തരം വിഷയങ്ങളിൽ പക്ഷപാതങ്ങളില്ലാതെ മുന്നോട്ട് പോകാൻ സർക്കാരിന് എല്ലാവിധ പിന്തുണയും ഞങ്ങൾ അറിയിക്കുന്നു. അതുപക്ഷേ തീര്‍ത്തും കുറ്റവാളികള്‍ക്കെതിരെ മാത്രമായിരിക്കണം. അപ്പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതില്‍ പങ്ക് സുവ്യക്തമാകുകയും ഹര്‍ത്താല്‍ ദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ നടത്തിയതായി തെളിയിക്കപ്പെടുകയും ചെയ്തവരെ മാത്രമേ നിയമ നടപടികള്‍ക്ക് വിധേയമാക്കാവൂ.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പി.എഫ്.ഐയുമായോ അവരുടെ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത, അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന, തീര്‍ത്തും സമാധാനപരമായി ജീവിക്കുന്ന പൊതു പ്രവർത്തകരും നാട്ടില്‍ ഒരു സംഘര്‍ഷത്തിലും ഭാഗഭാക്കാകുകയോ ഒരു പെറ്റി കേസില്‍ പോലും പ്രതിചേര്‍ക്കപ്പെടുകയോ ചെയ്യാത്ത ഹർത്താൽ ദിനത്തിൽ സ്ഥലത്തില്ലാത്ത, വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസികളും റവന്യൂ റിക്കവറിയുടെ പേരിൽ വേട്ടയാടപ്പെടുന്നുണ്ട്.
ഇത് ഗുരുതര വീഴ്ചയായി ഞങ്ങൾ വിലയിരുത്തുന്നു.ഈ വസ്തുത ബഹു സർക്കാർ തിരിച്ചറിയണമെന്നും റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളില്‍ സംഭവിച്ച ഗുരുതര പാകപ്പിഴവുകള്‍ തിരുത്തപ്പെടണമെന്നും നിരപരാധികള്‍ ജപ്തി നടപടികള്‍ക്ക് വിധേയമായതിനെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.ഐ.സി നിവേദനത്തിൽ ആവശ്യപ്പെട്ടു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ്.ഐ.സി നേതാക്കളായ സവാദ് ഫൈസി വർക്കല, മൻസൂർ ഹുദവി കാസർ കോഡ്, ഉമർ വളപ്പിൽ മജീദ് വാണിയമ്പലം, അനീസ് മാസ്റ്റർ മഞ്ചേരി എന്നിവർ സംബന്ധിച്ചു.