Saudi Arabia
six days left for the end of the traffic fine waiver in Saudi Arabia
Saudi Arabia

സൗദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി

Web Desk
|
12 Oct 2024 5:10 PM GMT

പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കാലാവധിക്ക് ശേഷം പിടിച്ചെടുക്കും

ജിദ്ദ:സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി. ഒക്ടോബർ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കാലാവധിക്ക് ശേഷം പിടിച്ചെടുക്കും. ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് മന്ത്രാലയം 50% വരെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഏപ്രിൽ 18നു ശേഷമുള്ള പുതിയ പിഴകൾക്ക് 25 ശതമാനവും കുറവും പിഴയിൽ നൽകിയിരുന്നു. വൻ തുക പിഴ ചുമത്തപ്പെട്ട് പ്രതിസന്ധിയിയാവർക്കെല്ലാം മികച്ച അവസരമായിരുന്നു ഇത്. പിഴ തുകയുടെ പകുതിയടച്ച് നിയമലംഘനത്തിൽ നിന്ന് മുക്തരാകാം എന്നതായിരുന്നു ഗുണം.

ഒന്നിലധികം പിഴ ചുമത്തപ്പെട്ടവർക്ക് ഒക്ടോബർ 18ന് മുമ്പായി അവ ഒന്നിച്ചോ ഓരോന്നായോ അടക്കാനും സൗകര്യമുണ്ട്. തെറ്റായി പിഴ ചുമത്തപ്പെട്ടവർക്ക് അപ്പീൽ സമർപ്പിക്കാനും അവസരമൊരുക്കി. ഈ ഇളവ് കാലാവധിയാണ് അടുത്ത വെള്ളിയാഴ്ച അവസാനിക്കുന്നത്. അവസരം ഉപയോഗപ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഉണർത്തുന്നത്. റോഡുകളിൽ അഭ്യാസം കാണിക്കുക, പരമാവധി വേഗത്തിന്റെ 30 കിലോമീറ്റർ അധിക സ്പീഡിൽ വാഹനം ഓടിക്കുക, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുക എന്നിവ ഇളവിൽ പെടില്ലെന്ന് നേരത്തെ ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.

Similar Posts