സൗദിയിൽ ആറു ഫുട്ബോൾ ക്ലബുകൾ കൂടി സ്വകാര്യവത്കരിക്കുന്നു
|ഈ ക്ലബുകളിൽ പ്രവാസികൾക്കും സൗദികൾക്കും വിദേശികൾക്കും നിക്ഷേപത്തിന് അവസരമുണ്ടാകും
റിയാദ്: സ്വകാര്യവത്കരണത്തിനൊരുങ്ങി സൗദിയിലെ ആറ് ഫുടബോൾ ക്ലബ്ബുകൾ. ഈ ക്ലബ്ബുകളിൽ പ്രവാസികൾക്കും സൗദികൾക്കും വിദേശികൾക്കും നിക്ഷേപത്തിന് അവസരമുണ്ടാകും. ക്ലബ്ബുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായിട്ടാണ് സ്വകാര്യവത്കരണം നടപ്പിലാക്കുന്നത്. റിയാദിലെ സുൽഫി ക്ലബ്ബ്, അൽ റാസിലെ അൽ ഖുലൂദ്, ദമ്മാമിലെ അന്നഹ്ദ, സകാകയിലെ അൽ ഉറൂബ, മദീനയിലെ അൽ അൻസാർ, നജ്റാനിലെ അൽ ഉഖ്ദൂദ് എന്നീ ക്ലബ്ബുകളാണ് സ്വകാര്യവത്കരിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കീഴിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായിട്ടാണിത്. വരും ദിവസങ്ങളിൽ കൂടുതൽ ക്ലബ്ബുകൾ സ്വകാര്യവത്കരിക്കുമെന്നും അധികൃതർ അറിയിച്ചു. ഭരണപരമായ കഴിവുകൾ, സൗകര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ക്ലബ്ബുകളെ തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ കായിക മേഖല ത്വരിതപ്പെടുത്താതുന്നതിന്റെ ഭാഗമായാണ് പദ്ധതി.
പദ്ധതിയിലൂടെ വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കാനും ക്ലബ്ബുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനും ലക്ഷ്യമിടുന്നു. നിക്ഷേപ പദ്ധതിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള നിക്ഷേപകർക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു