Saudi Arabia
മനസും ഹൃദയവും നിറച്ച് അറഫയില്‍ സമ്മേളിച്ചത് അറുപതിനായിരത്തോളം പേര്‍
Saudi Arabia

മനസും ഹൃദയവും നിറച്ച് അറഫയില്‍ സമ്മേളിച്ചത് അറുപതിനായിരത്തോളം പേര്‍

Web Desk
|
19 July 2021 5:21 PM GMT

പഴയ രീതിയിലേക്ക് ഹജ്ജ് മടങ്ങിയെത്തുമെന്ന പ്രതീക്ഷ കൂടി നൽകുകയായിരുന്നു ഇന്നത്തെ അറഫാ സംഗമം.

രാവിലെ മുതൽ മികച്ച സജ്ജീകരണങ്ങളോടെയാണ് അറഫ സംഗമത്തിലേക്ക് ഹാജിമാരെ എത്തിച്ചത്. എല്ലാ ഹാജിമാരും രാവിലെ പതിനൊന്നരയോടെ അറഫയിലെ നമിറാ മസ്ജിദിലേക്കെത്തി. രണ്ടു വർഷത്തിന് ശേഷം അറഫാ മൈതാനിയിൽ വീണ്ടും ഹാജിമാർ എത്തിയതും ഇത്തവണത്തെ പ്രത്യേകതയാണ്. ഹജ്ജ് പഴയ രീതിയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ കൂടി നൽകുകയാണ് ഇന്നത്തെ അറഫാ സംഗമം.

എത്തിച്ച ഹാജിമാരെ നേരെ നമിറ പള്ളിക്കകത്തേക്ക് കൊണ്ടു പോവുകയായിരുന്നു രീതി. കോവിഡ് കടുത്ത സാഹചര്യത്തിലായിരുന്നു ഇത്. ഇത്തവണ പക്ഷേ പ്രതീക്ഷ നൽകുകയായിരുന്നു അറഫ. ഇന്ന് അറഫയിലേക്ക് ബസ്സുകളിലെത്തിച്ച ഹാജിമാർ നമിറ പള്ളിയിലേക്ക് നടന്നെത്തി.

ഉച്ചക്ക് കൃത്യം 12.30 ന് അറഫയിലെ മസ്ജിദു നമിറയില്‍ അറഫാ പ്രഭാഷണം തുടങ്ങി. പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മക്ക ഹറം പള്ളിയിലെ ഇമാമും ഖതീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലില്ലയാണിത് നിര്‍വഹിച്ചത്. പ്രഭാഷണത്തിന് ശേഷം ഹാജിമാര്‍ ളുഹര്‍ അസര്‍‌ നമസ്കാരങ്ങള്‍ ഒന്നിച്ച് നിര്‍വഹിച്ചു.

അറുപതിനായിരത്തോളം പേരാണ് ഹജ്ജിനായി അറഫയിലെത്തിയത്. സൌദിയില്‍ താമസക്കാരായ 150 രാജ്യങ്ങളുടെയും പ്രാതിനിധ്യം ഹജ്ജിലുണ്ട്. നമസ്കാര ശേഷം ഹാജിമാർ പുറത്തേക്കിറങ്ങി. തിരക്കൊഴിവാക്കാൻ കുറച്ചു പേരെ തമ്പുകളിൽ തന്നെ നിർത്തി. കാരുണ്യത്തിന്റെ പർവതം എന്നറിയപ്പെടുന്ന ജബലു റഹ്മ കുന്നിന്റെ താഴെയും മുകളിലുമായെത്തി. ഇവിടെ വെച്ചുള്ള പ്രാർഥനക്കുത്തരമുണ്ടാകുമെന്നാണ് പ്രവാചക പാഠം. ഈ കുന്നിനു താഴെ വിശ്വാസികൾ കണ്ണീർ വാർത്തു.

ജീവിതത്തിൽ ചെയ്തുപോയ പാപങ്ങത്രയും കണ്ണീരിനാൽ കഴുകി. പ്രതിസന്ധിയിലായ ലോകത്തിനു വേണ്ടി പ്രാർഥിച്ചു. സൂര്യാസ്തമയം വരെ ഹാജിമാർ കലങ്ങിയ കണ്ണുകളുമായി അറഫാ മൈതാനത്തെ കുതിർത്തു. പിറന്നു വീഴുന്ന കുഞ്ഞിന്റെ മനസ്സുമായാണ് ഹാജിമാർ അറഫയിൽ നിന്നും മടങ്ങുന്നത്.

25 ലക്ഷം പേരെത്തിയ അറഫാ മൈതാനിയിൽ കഴിഞ്ഞ തവണ ആയിരം പേർ മാത്രമായിരുന്നു. ഇത്തവണയത് അറുപതിനായിരമാണ്. അറഫയുടെ ഹൃദയവും മനസ്സും നിറച്ചാണ് ഹാജിമാർ മടങ്ങുന്നത്. വരും വർഷം പ്രതീക്ഷയുടേതാണ്. ഇനിയുള്ള 11 മാസക്കാലം അറഫ കാത്തുകിടക്കും. അള്ളാഹുവിന്റെ പ്രിയപ്പെട്ട അതിഥികൾ തിങ്ങിനിറഞ്ഞെത്തുന്നതും കാത്ത്.

Similar Posts