ഒരേ സമയം 400 വാഹനങ്ങൾ; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം
|പന്ത്രണ്ടു നിലകളിലായിട്ടാണ് പാർക്കിംഗ് ഒരുക്കുക
റിയാദ്: മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനത്തിന് തുടക്കമിട്ട് സൗദി അറേബ്യ. സ്മാർട്ട് ഓട്ടോമാറ്റിക് സംവിധാനം വഴി 400 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും വിധമായിരിക്കും പദ്ധതി. 12 നില കെട്ടിടത്തിലാണ് സംവിധാനമൊരുക്കുന്നത്.
മദീനയിലെ മസ്ജിദുന്നബവിക്ക് സമീപമാണ് ബഹുനില പാർക്കിംഗ് സംവിധാനത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നത്. മദീന നഗരസഭയുടെ നേതൃത്വത്തിലാണ് പദ്ധതി. മദീനയിലെ ആദ്യ ബഹുനില പാർക്കിംഗ് സംവിധാനം കൂടിയാണിത്. സ്മാർട്ട് ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചായിരിക്കും പ്രവർത്തനം. 982 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി ഒരുങ്ങുക.
പദ്ധതിക്കായി ചെലവ് വരുക ഒൻപതു കോടി റിയാലാണ്. ഇതിനായുള്ള കരാറുകൾ പൂർത്തിയായതായും നഗരസഭ അറിയിച്ചു. ഡ്രൈവറില്ലാതെ തന്നെ പാർക്ക് ചെയ്യാനും വാഹനം പുറത്തേക്കെത്തിക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. സ്ഥല പരിമിതി പരിഹരിക്കുക. സന്ദർശകരുടെ സമയ നഷ്ടം ഒഴിവാക്കുക, സുരക്ഷിത പാർക്കിംഗ് ഒരുക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.