സൗദിയിലെ പള്ളികളില്‍ സാമൂഹിക അകലം പാലിക്കണം; നിർദേശവുമായി സർക്കാർ
|പള്ളികളിലെത്തുന്ന വിവിധ പ്രായക്കാരുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെയും സുരക്ഷ പരിഗണിച്ചാണ് നിര്‍ദ്ദേശം
സൗദിയില്‍ ഇരു ഹറമുകള്‍ ഒഴികെയുള്ള പള്ളികളില്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരാന്‍ നിര്‍ദ്ദേശം. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. വിശാല സൗകര്യവും അത്യാധുനിക സുരക്ഷാ പരിശോധനകളും നിലവിലുള്ളതിനാല്‍ ഇരു ഹറമുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച കോവിഡ് ഇളവുകളില്‍ വ്യക്തത വരുത്തിയാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. തവക്കല്‍ന ആപ്ലിക്കേഷന്‍ പരിശോധിക്കാത്തിടങ്ങളില്‍ സാമൂഹിക അകലവും മറ്റു കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക കാര്യ മന്ത്രാലയം പള്ളികളിലെ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും തുടരാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പള്ളികളിലെത്തുന്ന വിവിധ പ്രായക്കാരുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെയും സുരക്ഷ പരിഗണിച്ചാണ് നിര്‍ദ്ദേശം. എന്നാല്‍ മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ബാധകമായിരിക്കും. ഇവിടങ്ങളില്‍ വിശാലമായ സൗകര്യം നിലനില്‍ക്കുന്നതും സന്ദര്‍ശകരായെത്തുന്നവരുടെ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുന്നതും ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നതിന് സഹായകരമാകുന്നുണ്ട്.