Saudi Arabia
മക്കയിൽ റമദാനിൽ പ്രത്യേക ക്രമീകരണങ്ങൾ; തറാവീഹിനുള്ള ഇമാമുമാരെ നിശ്ചയിച്ചു
Saudi Arabia

മക്കയിൽ റമദാനിൽ പ്രത്യേക ക്രമീകരണങ്ങൾ; തറാവീഹിനുള്ള ഇമാമുമാരെ നിശ്ചയിച്ചു

Web Desk
|
16 March 2023 5:51 PM GMT

30 ലക്ഷം ഉംറ തീർഥാടകരെത്തും

റിയാദ്: മക്കയിലെ ഹറമിൽ റമദാനിലെ രാത്രി നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടെ പട്ടിക ഇരുഹറം കാര്യാലയം പ്രസിദ്ധീകരിച്ചു. തറാവീഹ് തഹജ്ജുദ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ച് ഇമാമുമാരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് ഇത്തവണയുമുണ്ട്. ഷെയ്ഖ് യാസർ അൽ-ദോസരി, ഷെയ്ഖ് അബ്ദുല്ല അൽ-ജുഹാനി, ഷെയ്ഖ് മഹർ അൽ-മുഐഖലി, ഷെയ്ഖ് ബന്ദർ ബലീല എന്നിവർക്കാണ് ചുമതല. ഓരോ ദിവസവും രണ്ട് പേർ വീതം നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകും. നമസ്‌കാരത്തിന്റെ ആദ്യ പകുതിയിൽ ഒരാളും അടുത്ത പകുതയിൽ മറ്റൊരാളും എന്ന പതിവ് രീതി ഇത്തവണയും തുടരും. റമദാനിലെ 27ാം രാവിൽ ഷെയ്ഖ് ജുഹാനിയും ഷെയ്ഖ് അൽ-ദോസരിയുമാണ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുക. തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ ക്രമീകരണങ്ങളാണ് ഇത്തവണ ഹറം പള്ളിയിൽ ഒരുക്കിയിട്ടുള്ളത്.

വിശുദ്ധ ഖുർആൻ ജനങ്ങൾക്ക് അവതരിച്ച മാസമാണ് റമദാൻ. ഈ മാസത്തിലെ മുപ്പത് ദിനങ്ങളിലും ഇസ്‌ലാം മത വിശ്വാസികൾ നോമ്പനുഷ്ഠിക്കും. റമദാനിലെ നോമ്പനുഷ്ഠിച്ചുള്ള പ്രാർഥനക്കും രാത്രി നമസ്‌കാരങ്ങൾക്കും പുണ്യമേറെയുണ്ടെന്നാണ് ഇസ്ലാമിക പാഠം. ഇതിനാൽ തന്നെ വൻ തിരക്കാണ് ലോക മുസ്‌ലിംകളുടെ പുണ്യ കേന്ദ്രങ്ങളിലൊന്നായ മക്കയിൽ അനുഭവപ്പെടുക. റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ ഒറ്റയൊറ്റ രാവുകളിലൊന്നിലാണ് നിർണയത്തിന്റെ രാത്രി എന്നർഥമുള്ള ലൈലത്തുൽ ഖദ്ർ. അതായത് ഖുർആൻ അവതരിക്കപ്പെട്ട രാത്രി. ഇത് റമദാനിലെ 25, 27, 29 തിയതികളിലായിരിക്കാമെന്നാണ് ഇസ്‌ലാമിക പാഠം. അതിൽ തന്നെ 27ാം രാവിനാണ് കൂടുതൽ പ്രാധാന്യം കരുതുന്നത്. ഇത്തവണ 27ാം രാവിൽ ഷെയ്ഖ് അബ്ദുല്ല അൽ-ജുഹാനിയാണ് ആദ്യ പകുതിയിലെ ഇമാം. രണ്ടാം പകുതിയിൽ ഷെയ്ഖ് യാസർ അൽ-ദോസരി നമസ്‌കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകും. മനോഹരമായ ഖുർആൻ പാരായണത്തിന് പ്രസിദ്ധരാണ് ഇരുവരും. 30 ലക്ഷത്തോളം തീർഥാടകർ ഇത്തവണ റമദാനിലെത്തും. ഇതിനാൽ തിരക്ക് നിയന്ത്രിക്കാൻ ഹറം പള്ളിയിൽ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റമദാനിലേക്ക് മാത്രമായി പ്രത്യേകം സുരക്ഷാ സേവന ജീവനക്കാരെയും ഹറമിൽ നിയോഗിച്ചിട്ടുണ്ട്.


Special arrangements during Ramadan in Makkah; Imams were appointed for Taraweeh

Similar Posts