ഇരു ഹറമുകൾക്കായി പ്രത്യേക അതോറിറ്റി; സൗദി രാജാവ് മേൽനോട്ടം വഹിക്കും
|മതകാര്യ വിഭാഗത്തിന് പ്രത്യേക പ്രസിഡൻസി
ജിദ്ദ: മക്ക മദീന ഹറമുകളുടെ കാര്യങ്ങൾക്കായി സൗദി മന്ത്രിസഭ പ്രത്യേക അതോറിറ്റി രൂപീകരിച്ചു. ഹജ്ജ് ഉംറ മന്ത്രിയായിരിക്കും അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ. സൗദി രാജാവായിരിക്കും അതോറിറ്റിയുടെ മേൽനോട്ടം നേരിട്ട് വഹിക്കുക.
മസ്ജിദുൽ ഹറം, മസ്ജിദു നബവി കാര്യ പ്രസിഡൻസി ഇനി മുതൽ ഇരു ഹറം കാര്യങ്ങളുടെ ജനറൽ അതോറിറ്റിയായാണ് അറയിപ്പെടുക. സ്വതന്ത്ര ചുമതലയുളള പുതിയ അതോറിറ്റിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മക്കയിലെ ഹറം പള്ളിയുമായും മദീനയിലെ പ്രവാചകന്റെ പള്ളിയുമായും ബന്ധപ്പെട്ട സേവനങ്ങൾ, പരിപാലനം, വികസനം, പ്രവർത്തനങ്ങൾ എന്നിവയുടെ ചുമതല പുതിയ അതോറിറ്റിക്കായിരിക്കും. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി ഹജ്ജ് ഉംറ മന്ത്രിയായ തൗഫീഖ് അൽ റബിയയെ രാജകീയ ഉത്തരവിലൂടെ നിയമിച്ചു. കൂടാതെ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി പുതുതായി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇരു ഹറമുകളിലേയും ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും കാര്യങ്ങളും, ഹറമുകളിലെ ഖുർആൻ, മതപഠന ക്ലാസുകൾ അടക്കം മതകാര്യവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുടെയും ചുമതലയും മേൽനോട്ടവും ഈ പ്രസിഡൻസിക്കായിരിക്കും. ശൈഖ് അബ്ദുൽറഹ്മാൻ അൽ-സുദൈസിനെ ഇരു ഹറുമുകളുടേയും മതകാര്യ മേധാവിയായും രാജകൽപ്പനയിലൂടെ നിയമിച്ചു. ഇരു ഹറമുകളുടെയും പരിചരണവും വികസനവും കുറ്റമറ്റതാക്കുകയും കൂടുതൽ വ്യവസ്ഥാപിതമാക്കുകയുമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
The Saudi Cabinet has formed a special authority for the affairs of Mecca and Medina Harams