കിഴക്കൻ പ്രവിശ്യ നവോദയ സാംസ്‌കാരികവേദി സംഘടിപ്പിച്ച സ്‌പോർട്‌സ് മീറ്റ് സമാപിച്ചു
|സൗദി കിഴക്കൻ പ്രവിശ്യ നവോദയ സാംസ്‌കാരികവേദി സംഘടിപ്പിച്ച സ്‌പോർട്‌സ് മീറ്റ് സമാപിച്ചു. മീറ്റിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്ര കേരളീയ-സൗദി സാംസ്‌കാരിക തനിമയും ആധുനികതയും കൈകോർത്ത വേറിട്ട കാഴ്ചയായിരുന്നു.
സിഹാത്ത് അൽ തരാജി സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ വർണ്ണാഭമായ മാർച്ച്പാസ്റ്റോടെ ആരംഭിച്ച പരിപാടി വൈകിട്ട് നടന്ന സാംസ്‌കാരികഘോഷയാത്രയോടെ സമാപിച്ചു. 22 ഏരിയകൾക്ക് കീഴിലായി അണിനിരന്ന മാർച്ച്പാസ്റ്റിൽ എഴുന്നൂർ പേർ പങ്കെടുത്തു.
റോബോട്ടിക്‌സ്, ബഹിരാകാശ സഞ്ചാരം, ലഹരിവിരുദ്ധ പ്രതിരോധം, കേരളീയകലകളും സാംസ്‌കാരികതയും, സൗദി സാംസ്‌കാരികത, പൊതുആരോഗ്യം, ശ്രീനാരായണ ഗുരു, അയ്യങ്കാളി, വില്ല് വണ്ടി സമരം, വാരിയം കുന്നത്ത് എന്നിങ്ങനെ ചരിത്രവും ഭാവിപുരോഗതിയും അടയാളപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്ലോട്ടുകളാൽ അലങ്കരിച്ച ഘോഷയാത്ര സൗദിയിലെ പ്രവാസി സമൂഹത്തിന് നവ്യാനുഭവമായി.
മാർച്ച്പാസ്റ്റ് ബാച്ച്‌ലർ വിഭാഗത്തിൽ ടൊയോട്ട ഏരിയ ഒന്നാം സ്ഥാനം നേടി. റാക്ക, ജാഫർ ഏരിയകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുടുംബവേദി വിഭാഗത്തിൽ അൽ ഹസ്സ കുടുംബവേദി ഒന്നും, ദമ്മാം കുടുംബവേദി ഏരിയ, ഖോബാർ കുടുംബവേദി ഏരിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കുട്ടികളുടെ ഡ്രില്ലിൽ അൽ ഹസ്സ കുടുംബവേദി ഒന്നും, ദമ്മാം കുടുംബവേദി, ഖോബാർ കുടുംബവേദി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആവേശം നിറഞ്ഞ ഘോഷയാത്രാ മത്സരത്തിൽ ബാച്ച്‌ലർ വിഭാഗത്തിൽ അറൈഫി ഏരിയ ഒന്നാം സ്ഥാനവും, ടൊയോട്ട, ഖത്തീഫ് ഏരിയകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുടുംബവേദി വിഭാഗത്തിൽ ദമ്മാം കുടുംബവേദി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഹസ്സ കുടുംബവേദിയും, ജുബൈൽ കുടുംബവേദിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.