അൽ നസ്‌റിന്റെ പുതിയ പരിശീലകനായി സ്റ്റിഫാനോ പിയോളി ചുമതലയേറ്റെടുത്തു
|അൽ നസ്‌റിന്റെ കോച്ച് ലൂയിസ് കാസ്ട്രോയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു
റിയാദ്: സ്റ്റിഫാനോ പിയോളി സൗദി ക്ലബായ അൽ നസ്‌റിന്റെ പരിശീലക ചുമതലയേറ്റെടുത്തു. തുടർച്ചയായ മോശം പ്രകടനത്തിന് പിന്നാലെ അൽ നസ്ർ ക്ലബ്ബിന്റെ കോച്ച് ലൂയിസ് കാസ്ട്രോയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പിയോളി പരിശീലകനായി ചുമതലയേറ്റത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന റോഷൻ ലീഗ് മത്സരത്തിൽ അൽ നസ്ർ അൽ ഇത്തിഫാഖിനെ നേരിടുന്നത് പിയോളിയുടെ നേതൃത്വത്തിലായിരിക്കും.
പുതിയ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് പോർച്ചുഗീസ് കോച്ചായ കാസ്ട്രോയെ പുറത്താക്കിയത്. എം.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ഗ്രൂപ് ഘട്ട മത്സരത്തിലും ടീം സമനില വഴങ്ങിയതിന് പിന്നാലെയായിരുന്നു പുറത്താക്കൽ. 54 മത്സരങ്ങൾ കാസ്‌ട്രോയുടെ കീഴിൽ കളിച്ചെങ്കിലും പ്രധാന ട്രോഫികളൊന്നും നേടിയിരുന്നില്ല.
ടീം നിലവിൽ സൗദി പ്രോ ലീഗിൽ 7ാം സ്ഥാനത്താണുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിന്റെ ഭാഗമായതിന് ശേഷം ചുമതലയേൽക്കുന്ന നാലാമത്തെ കോച്ചാണ് പിയോളി. എസി മിലാൻ, ഫിയോറന്റിന, ലാസിയോ, ഇന്റർ മിലാൻ, ഹെല്ലാസ് വെറോണ തുടങ്ങി മികച്ച ക്ലബ്ബുകളിൽ പരിശീലക വേഷമണിഞ്ഞിട്ടുണ്ട് ഇദ്ദേഹം. 2021-22 സീസണിൽ എസി മിലാനെ ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരാക്കിയതിൽ പിയോളിയുടെ പങ്ക് വലുതായിരുന്നു. ആക്രമണപരമായ ഫുട്‌ബോൾ ശൈലിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.