മയക്കുമരുന്നിനെതിരെ നടപടി ശക്തം; സൗദി ജയിലുകളിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്
|മലയാളികളുള്‍പ്പെടെ മുന്നൂറിലധികം പേരാണ് മയക്കുമരുന്ന് കേസില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്
സൗദിയില്‍ മയക്കുമരുന്നിനെതിരായ നടപടി ശക്തമാക്കിയതോടെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. മലയാളികളുള്‍പ്പെടെ മുന്നൂറിലധികം പേരാണ് മയക്കുമരുന്ന് കേസില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. യുവാക്കളുള്‍പ്പെടെ നിരവധി പേരാണ് അടുത്തിടെ പിടിയിലായത്.
താരതമ്യേന മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇത്തരം കേസുകളില്‍ ഇന്ത്യക്കാര്‍ പിടിക്കപ്പെടുന്നത് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കൂടുതല്‍ ഇന്ത്യക്കാര്‍ പിടിയിലായതോടെ ഇന്ത്യന്‍ പ്രവാസി സമൂഹം ഒന്നടങ്കം സംശയത്തിന്റെ നിഴിലിലായതായും അനുഭവസ്ഥര്‍ പറയുന്നു.
സൗദിയില്‍ കുടുംബവുമൊത്ത് കഴിയുന്നവരില്‍ പോലും മയക്കുമരുന്നിന്റെ സ്വാധീനം വര്‍ധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. പിടിയിലായ ശേഷമാണ് പലരും സഹായഭ്യര്‍ഥനയുമായി എംബസിയെയും സാമൂഹ്യ പ്രവര്‍ത്തകരെയും സമീപിക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ധാരാളമാണ്.
മയക്കുമരുന്നിനെതിരെ പൊതു കാമ്പയിനുകളുമായി പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.