Saudi Arabia
സൗദി പ്രതിഷേധം അറിയിച്ചു: ഖുർആന്റെ കോപ്പി കത്തിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സ്വീഡൻ
Saudi Arabia

സൗദി പ്രതിഷേധം അറിയിച്ചു: ഖുർആന്റെ കോപ്പി കത്തിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സ്വീഡൻ

Web Desk
|
29 July 2023 7:08 PM GMT

വിശുദ്ധ ഖുർആനെ അവഹേളിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പൂർണ്ണമായും തള്ളികളയണമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, സ്വീഡീഷ് വിദേശകാര്യ മന്ത്രിയോടാവശ്യപ്പെട്ടു

റിയാദ്: വിശുദ്ധ ഖുർആന്റെ കോപ്പി കത്തിച്ച സംഭവത്തിൽ സ്വീഡൻ ഖേദം പ്രകടിപ്പിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചത്. വിദ്വേഷം എന്നു മാത്രമേ, ഖുർആൻ അവഹേളനത്തെ വിശേഷിപ്പിക്കാനാകൂ എന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

വിശുദ്ധ ഖുർആനെ അവഹേളിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പൂർണ്ണമായും തള്ളികളയണമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, സ്വീഡീഷ് വിദേശകാര്യ മന്ത്രിയോടാവശ്യപ്പെട്ടു. വിശുദ്ധ മത ഗ്രന്ഥങ്ങളെ ഇകഴ്ത്തുവാനും പ്രകോപനം സൃഷ്ടിക്കാനും ശ്രമിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ അടിയന്തര നടപടി കൈകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്വീഡിഷ് വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ചാണ് സൗദി വിദേശകാര്യ മന്ത്രി പ്രതിഷേധം അറിയിച്ചത്. വിശുദ്ധ ഖുർആൻ്റെ കോപ്പികൾ കത്തിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ വിദ്വേഷം വളർത്താൻ കാരണമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ തൻ്റെ രാജ്യത്തെ ജനങ്ങളിൽ ചിലർ ഖുർആൻ കത്തിച്ച സംഭവത്തെ സ്വീഡിഷ് വിദേശകാര്യ മന്ത്രി ബിൽസ്ട്രോം അപലപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മതഗ്രന്ഥങ്ങളെ അവഹേളിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡെൻമാർക്ക് എംബസി മേധാവിയെ വിളിച്ച് വരുത്തി വിദേശ കാര്യ മന്ത്രാലയം പ്രതിഷേധം അറിയിക്കുകയും പ്രതിഷേധ പ്രമേയം കൈമാറുകയും ചെയ്തിരുന്നു. സ്വീഡന് പിറകെ ഡെൻമാർക്കിലും ഖുർആൻ കോപ്പി കത്തിച്ച സാഹചര്യത്തിലായിരുന്നു ഇത്. വിശുദ്ധ ഗ്രന്ഥത്തേയും ഇസ്ലാമിനേയും അവഹേളിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ജിദ്ദയിൽ തിങ്കളാഴ്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Similar Posts