സൗദിയിൽ നിയമ ലംഘനങ്ങളും പിഴകളും ഏകീകരിക്കുന്നതിന് സംവിധാനം
|ഗതാഗത ലോജിസ്റ്റിക്സ് മേഖലയിലാണ് പുതിയ സംവിധാനം
ദമ്മാം: സൗദി അറേബ്യയിൽ ഗതാഗത ലോജിസ്റ്റിക്സ് മേഖലയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ഏകീകരിക്കുന്നതിനും പിഴകൾ നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. അടുത്തിടെ മുനിസിപ്പൽ മന്ത്രാലയം പ്രസിദ്ധീകരിച്ച പിഴകൾക്ക് സമാനമായവയെ പരസ്പരം ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.
ഇരു മന്ത്രാലയങ്ങൾ സംയുക്തമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവും ഗതാഗത ലോജിസ്റ്റിക് മന്ത്രാലയവും തയ്യാറാക്കിയ നിയമവലിയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനമേർപ്പെടുത്തുന്നത്. നിയമ ലംഘനങ്ങൾ പിടികൂടുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള അധികാരം ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയത്തിന് നൽകാൻ കഴിഞ്ഞ മാസം മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. അടുത്തിടെ മുനിസിപ്പൽ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലുൾപ്പെട്ടിട്ടുള്ളവക്ക് സമാനമായ ലംഘനങ്ങൾക്കാണ് സംയുക്തമായി നടപടി സ്വീകരിക്കുക. ഇരു മന്ത്രാലയ ഉദ്യോഗസ്ഥരും നിയമലംഘനങ്ങളിൽ പരസ്പരം നടപടി കൈകൊള്ളും. എന്നാൽ ലംഘനങ്ങൾക്കുള്ള പിഴ ആവർത്തിക്കാതിരിക്കാൻ പതിനാല് ദിവസത്തെ സാവകാശം അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.