Saudi Arabia
മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് സ്വീകരണം നൽകി തനിമ വളണ്ടിയർമാർ
Saudi Arabia

മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് സ്വീകരണം നൽകി തനിമ വളണ്ടിയർമാർ

Web Desk
|
21 May 2024 3:59 PM GMT

മൂന്ന് ഫ്‌ളൈറ്റുകളിലായെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ താമസസ്ഥലത്താണ് സ്വീകരണമൊരുക്കിയത്

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴി മക്കയിലെത്തിയ കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മലയാളി ഹാജിമാർക്ക് മക്കയിലെ അസീസിയിൽ തനിമ വളണ്ടിയർമാർ ഊഷ്മളമായ സ്വീകരണം നൽകി. മൂന്ന് ഫ്‌ളൈറ്റുകളിലായെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ താമസസ്ഥലത്താണ് സ്വീകരണമൊരുക്കിയത്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വളണ്ടിയർമാർ സമ്മാനങ്ങളുമായി സജീവമായി സേവന രംഗത്തുണ്ടായിരുന്നു.

താമസസ്ഥലം കണ്ടെത്താനും, ലഗേജുകൾ റൂമുകളിൽ എത്തിച്ചുകൊടുക്കാനും, വൃദ്ധരായ ഹാജിമാരെ ബസ്സിൽ നിന്നും ബിൽഡിങ്ങുകളിലേക്ക് എത്തിക്കാനും തനിമ വളണ്ടിയർമാർ സഹായത്തിനുണ്ടായി. നാട്ടിൽനിന്നുമെത്തിയ ഹാജിമാർക്ക് വനിതകളും കുട്ടികളുമടങ്ങിയ വളണ്ടിയർമാരുടെ പരിചരണം ഏറെ ആശ്വാസമായി. അവസാന ഹാജി മക്ക വിടുന്നത് വരെ വിവിധ മേഖലകളിൽ സേവനങ്ങളുമായി തനിമ വളണ്ടിയർമാർ രംഗത്തുണ്ടാവും. ഇതിനായി വിവിധ വകുപ്പുകൾ രൂപികരിച്ചു ടീമുകളായാണ് പ്രവർത്തനം. ഹാജിമാർക്ക് ഭക്ഷണ വിതരണമടക്കം വരും ദിവസങ്ങളിൽ കൂടുതൽ സജീവമായ പ്രവർത്തങ്ങൾ നടത്താൻ തനിമ വളണ്ടിയർമാർ സജ്ജമാണ്. അബ്ദുൽ ഹക്കീം ആലപ്പുഴ, സഫീർ അലി , മനാഫ് കുറ്റ്യാടി, ശമീൽ ടി. കെ, അഫ്‌സൽ കള്ളിയത്, റഷീദ് സഖാഫ്, ഷാനിബ നജാത്ത്, എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Similar Posts