സൗദിയിലേക്ക് റീജണൽ ഹെഡ്ക്വാട്ടേഴ്സ് മാറ്റുന്ന ആഗോള കമ്പനികൾക്ക് നികുതിയിളവ്
|30 വർഷത്തേക്ക് കോർപറേറ്റ് വരുമാന നികുതി ഈടാക്കേണ്ടെന്നാണ് തീരുമാനം
സൗദിയിലേക്ക് റീജണൽ ഹെഡ്ക്വാട്ടേഴ്സ് മാറ്റുന്ന ആഗോള കമ്പനികൾക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. 30 വർഷത്തേക്ക് കോർപറേറ്റ് വരുമാന നികുതി ഈടാക്കേണ്ടെന്നാണ് തീരുമാനം. പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് 2024 മുതൽ ഒരു സർക്കാർ കരാറും ലഭ്യമാകില്ല.
2024 മുതൽ സൗദിയിലെ വിവിധ പദ്ധതികളിൽ കരാർ ലഭിക്കണമെങ്കിൽ കമ്പനികളുടെ ആസ്ഥാനം സൗദിയിലായിരിക്കണം. ഈ ഉത്തരവ് വന്നതോടെ ഇരുന്നൂറോളം കമ്പനികൾ ഇതിനകം സൗദിയിലേക്ക് പ്രാദേശിക ആസ്ഥാനം മാറ്റിയിട്ടുണ്ട്. ഇനിയും വരാത്ത കമ്പനികളെ ആകർഷിക്കാനാണ് പുതിയ തീരുമാനം. ഇതനുസരിച്ച് സൗദിയിലേക്ക് റീജണൽ ഹെഡ്ക്വാട്ടേഴ്സ് മാറ്റുന്ന വിദേശ കമ്പനികൾക്ക് 30 വർഷത്തേക്ക് കോർപറേറ്റ് നികുതിയുണ്ടാകില്ല. പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന കമ്പനികളുടെ വിവിധ പദ്ധതികളിലും നികുതിയിളവ് നൽകും.
വിദേശ കമ്പനികളെ ആകർഷിക്കാൻ സാമ്പത്തിക മന്ത്രാലയവും ZATCAയും സംയുക്തമായാണ് തീരുമാനമെടുത്തത്. 2024 ജനുവരിക്കകം സൗദിയിലേക്ക് റീജണൽ ഹെഡ്ക്വാട്ടേഴ്സ് മാറ്റാത്ത വിദേശ കമ്പനികൾക്ക് എക്സ്പോയും വേൾഡ്കപ്പുമടക്കം ഒരു സർക്കാർ പ്രൊജക്ടിലും കരാർ ലഭ്യമാകില്ല. സൗദിയിലേക്ക് ഇതിനകം റീജണൽ ഹെഡ്ക്വാട്ടേഴ്സ് മാറ്റിയ കമ്പനികളുടെ എണ്ണം 200 കവിഞ്ഞതായി നിക്ഷേപ മന്ത്രാലയമാണ് അറിയിച്ചത്. ജിസിസി രാഷ്ട്രങ്ങളിൽ നിന്നാണ് കമ്പനികൾ ഭൂരിഭാഗവും പ്രാദേശിക ആസ്ഥാനം മാറ്റിയത്