തേജ് ചുഴലിക്കാറ്റ് സൗദിയെ പരോക്ഷമായി ബാധിക്കും; വിവിധ പ്രദേശങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത
|ഒമാൻ, യെമൻ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന തേജ് ചുഴലിക്കാറ്റ് സൗദിയെയും പരോക്ഷമായി ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
റിയാദ്: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ വ്യഴം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെടും.
ഒമാൻ, യെമൻ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന തേജ് ചുഴലിക്കാറ്റ് സൗദിയെയും പരോക്ഷമായി ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കും പൊടിക്കാറ്റിനും ഇടവരുത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു. ഒമാനിനോട് ചേർന്നുള്ള റുബുഹുൽഖാലി മരുഭൂപ്രദേശം, ഖർഖീൽ, ശറൂറ ഭാഗങ്ങളിൽ ശക്തമായ മഴയും പൊടിക്കാറ്റും അനുഭവപ്പെടും. മണിക്കൂറിൽ 45 കിലോമീറ്റർ വരെ കാറ്റിന് വേഗത അനുഭവപ്പെടും. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന മഴയും കാറ്റും വ്യഴാഴ്ച വരെ നീണ്ട് നിൽക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.