ഹജ്ജ് ദിവസങ്ങളില്‍ സൗദിയിലെ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്
|മക്കയുടെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്
ഈ ഹജ്ജ് സീസണില്‍ മക്കയിലെ പുണ്യസ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പകല്‍സമയങ്ങളില്‍ 42 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തുറന്ന സ്ഥലങ്ങളിലും റോഡുകളിലും പൊടിക്കാറ്റ് ദൃശ്യപരതയെ സാരമായി ബാധിച്ചേക്കാം.
അമിത ചൂട്മൂലം പ്രയാസപ്പെടുന്ന രോഗികളെ പരിചരിക്കാനായി മക്കയിലും മദീനയിലുമായി 238 ആശുപത്രി കിടക്കകള്‍ സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് വേളയിലെ തീര്‍ഥാടകരുടെ മരണങ്ങളില്‍ 28 ശതമാനം മരണങ്ങളും അമിത ചൂട് മൂലമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും ചൂടേറിയ സമയങ്ങളില്‍ തീര്‍ഥാടകര്‍ അവരുടെ ടെന്റുകളിലോ തണുപ്പുള്ള മറ്റിടങ്ങളിലോ തങ്ങാന്‍ ശ്രമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം, രാജ്യത്ത് ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ മുതല്‍ ഈ മാസം 12 വരെയുള്ള ദിവസങ്ങളില്‍ മക്കയിലെ ചില മേഖലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു.