സൗദിയിൽ ഒരു വർഷത്തിനിടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ പത്ത് ശതമാനം വളർച്ച
|റിയാദ് ഇന്ത്യൻ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ അംബാസിഡർ സുഹൈൽ അജാസ് ഖാനാണ് ഇക്കാര്യമറിയിച്ചത്.
റിയാദ്: സൗദിയിൽ ഇന്ത്യക്കാരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷമായി ഉയർന്നതായി അംബാസിഡർ സുഹൈൽ അജാസ് ഖാൻ. ഒരു വർഷത്തിനിടെ പത്ത് ശതമാനം വളർച്ചയാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായത്. സൗദിയുമായുള്ള ബന്ധം ശക്തമായി തുടരുകയാണെന്നും റിയാദ് ഇന്ത്യൻ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ അദ്ദേഹം പറഞ്ഞു. എംബസിയിലും ജിദ്ദ കോൺസുലേറ്റിലും നൂറു കണക്കിന് പേരാണ് സ്വാതന്ത്ര്യ ദിന ആഘോഷത്തിനെത്തിയത്
സൗദിയിലുള്ള ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ വികസനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതോടൊപ്പം ഇന്ത്യ-സൗദി ബന്ധത്തിലും അവർക്കൊരുപാട് കാര്യങ്ങൾ ചെയ്യാനാവുന്നുണ്ട്. ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുന്നതിൽ ഇവരുടെ പങ്ക് നിസ്തുലമാണെന്നും അംബാസിഡർ പറഞ്ഞു.
ജിദ്ദ കോൺസുലേറ്റ് അങ്കണത്തിൽ പുതുതായി ചുമതലയേറ്റ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയാണ് ദേശീയ പതാക ഉയർത്തിയത്. എംബസിയിലും കോൺസുലേറ്റിലും വിവിധ കലാ പരിപാടികളും അരങ്ങേറി. ഇന്ത്യക്കാർക്ക് സൗദി ഭരണാധികാരികളായ സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.