സൗദിയിൽ ട്രക്കുകളുടെ പദവി ശരിയാക്കാനുള്ള കാലാവധി തീർന്നു; ഡ്രൈവർമാർക്ക് പ്രഫഷണൽ കാർഡ് നിർബന്ധം
|നിബന്ധന പൂർത്തിയാക്കാത്ത ട്രക്കുകൾക്ക് പിഴയുൾപ്പെടെയുളള നടപടികൾ നേരിടേണ്ടി വരും
ദമ്മാം: സൗദിയിൽ നാളെ മുതൽ ട്രക്ക് ഡ്രൈവർമാർക്ക് പ്രഫഷണൽ കാർഡ് നിർബന്ധമാകും. രാജ്യത്തെ ട്രക്കുകളുടെ പദവി ശരിയാക്കുന്നതിനനുവദിച്ച കാലാവധി ഇന്ന് അവസാനിച്ചു. രാജ്യത്തെ ട്രക്ക് ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ട്രക്ക് രജിസ്ട്രേഷൻ പബ്ലിക് ട്രാൻസ്പോർട്ടാക്കി മാറ്റുന്നതിന് അനുവദിച്ച കാലാവധിയാണ് അവസാനിച്ചത്.
പ്രൈവറ്റ് ട്രാൻസ്പോർട്ട് രജിസ്ട്രേഷനുള്ള കാലാവധിയുള്ള ട്രക്കുകൾക്കാണ് സാവകാശം നൽകിയിരുന്നത്. മൂന്നര ടണ്ണിൽ കൂടുതൽ ഭരമുള്ള ഒൻപതിലധികം ട്രക്കുകളും ലോറികളുമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഏജൻസികൾക്കുമാണ് നിബന്ധന ബാധകമാകുക. ഇത്തരം സ്ഥാപനങ്ങളുടെ ട്രക്കുകൾ പബ്ലിക് ട്രാൻസ്പോർട്ട വിഭാഗത്തിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യാനാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുള്ള ഫീസ് നടപടികൾ ഒഴിവാക്കി നൽകിയിരുന്നു.
പുതിയ നമ്പർ പ്ലേറ്റുകളും സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള കാലാവധി ഇന്ന് അവസാനിച്ചതോടെ നാളെ മുതൽ പരിശോധന ശക്തമാകും. നിബന്ധന പൂർത്തിയാക്കാത്ത ട്രക്കുകൾക്ക് പിഴയുൾപ്പെടെയുളള നടപടികൾ നേരിടേണ്ടി വരും. ട്രക്ക് ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ പ്രഫഷണൽ കാർഡും നാളെ മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ അംഗീകൃത ട്രക്ക് ലൈസൻസ് ഉള്ള ഡ്രൈവർമാർക്ക് പൊതുഗതാഗത അതോറിറ്റിയുടെ നഖ്ൽ പ്ലാറ്റഫോം വഴിയാണ് കാർഡ് അനുവദിക്കുന്നത്. ഡ്രൈവർ ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ കീഴിലായിരിക്കണമെന്നും നിബന്ധനയുണ്ട്.