Saudi Arabia
സൗദി ഈന്തപ്പഴങ്ങളുടെ ആഗോളവിപണനത്തിനായി ഡിജിറ്റല്‍ വിപണിയൊരുങ്ങുന്നു
Saudi Arabia

സൗദി ഈന്തപ്പഴങ്ങളുടെ ആഗോളവിപണനത്തിനായി ഡിജിറ്റല്‍ വിപണിയൊരുങ്ങുന്നു

Web Desk
|
8 April 2022 7:49 AM GMT

സൗദിഡേറ്റ്സ് എന്ന പേരിലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം

സൗദി ഈന്തപ്പഴങ്ങള്‍ക്ക് ആഗോള തലത്തില്‍ മാര്‍ക്കറ്റ് കണ്ടെത്തുന്നതിന് ഡിജിറ്റല്‍ വിപണിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ വ്യാപാരികളില്‍ നിന്ന് മൊത്തമായി ഈന്തപ്പഴം നേരിട്ട് വാങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇത് വഴി ഒരുക്കിയിരിക്കുന്നത്.





നൂതനവും സൗകര്യപ്രദവും കാര്യക്ഷമവുമായ ബിസിനസ് ടു ബിസിനസ് സൗകര്യമാണ് ഡിജിറ്റല്‍ സംവിധാനം വഴി ഒരുക്കിയിരിക്കുന്നത്. ദേശീയ സെന്റര്‍ ഫോര്‍ ഫാംസ് ആന്റ് ഡേറ്റ്സ് ആണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. സൗദി ഡേറ്റ്സ് എന്ന പേരിലാണ് വിപണി. ഇത് വഴി ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ കര്‍ഷകരില്‍ നിന്നും വ്യാപാരികളില്‍ നിന്നും മൊത്തമായി ഈന്തപ്പഴങ്ങള്‍ വാങ്ങുവാന്‍ സാധിക്കും.




രാജ്യത്തിന്റെ കാര്‍ഷിക-സാംസ്‌കാരിക ചരിത്രവുമായി അഭേധ്യ ബന്ധമുള്ള ഈന്തപ്പഴത്തെ ദേശീയ ഉല്‍പന്നമായി പ്രോമോട്ട് ചെയ്യുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ദ ഹോം ലാന്റ് ഓഫ് ഡേറ്റ്സ് എന്ന തലക്കെട്ടില്‍ പ്രത്യേക കാമ്പയിനും അടുത്തിടെ തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ പദ്ധതി വഴി ആഗോള വിപണിയിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് എന്‍.സി.പി.ഡി, സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍ നുവൈരാന്‍ പറഞ്ഞു.

മുപ്പത്തിയൊന്ന് ദശലക്ഷത്തിലധികം ഈന്തപ്പനകളും ഒന്നര ദശലക്ഷം ടണ്ണിലധികം ഈന്തപ്പഴത്തിന്റെ വാര്‍ഷിക ഉല്‍പാദനവുമുള്ള സൗദി അറേബ്യ ഈന്തപ്പഴ ഉല്‍പാദനത്തില്‍ ആഗോള തലത്തില്‍ മുന്‍നിരയിലാണ്.

Similar Posts