റിയാദ് മെട്രോ റെയിൽ പദ്ധതി പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാനുള്ള അന്തിമ ഒരുക്കം പൂർത്തിയാകുന്നു
|ലോകത്തെ ഏറ്റവും വലിയ മെട്രോ പദ്ധതികളിൽ ഒന്നാണ് റിയാദിൽ പൂർത്തിയാകുന്നത്
റിയാദ് മെട്രോ റെയിൽ പദ്ധതി പൊതു ജനങ്ങൾക്ക് തുറക്കാനുള്ള അന്തിമ ഒരുക്കം പൂർത്തിയാക്കുന്നതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മേധാവി. ഒരു മാസത്തിനകം ആദ്യ ഘട്ട യാത്രക്ക് മെട്രോ സജ്ജമാകുമെന്നാണ് റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ മെട്രോ പദ്ധതികളിൽ ഒന്നാണ് റിയാദിൽ പൂർത്തിയാകുന്നത്.
റെയില്‍ പദ്ധതി അതിന്റെ അന്തിമ ഘട്ടത്തിലാണെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മേധാവി റുമൈഹ് അല്‍ റുമൈഹാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. റിയാദ് സിറ്റി റോയല്‍ കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഇതോടെ പദ്ധതി പ്രവര്‍ത്തനക്ഷമാമാവുമെന്നും അദ്ദേഹം അറിയിച്ചു.
ആറ് ട്രാക്കുകൾ, 184 ട്രെയിനുകൾ, 84 സ്റ്റേഷനുകൾ, 350 കി.മീ റെയിൽ പാത.. ഇതാണ് മെട്രോയുടെ ചുരുക്കം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ നെറ്റ്‍വർക്കുകളിൽ ഒന്ന്. സ്റ്റേഷനുകളിലേക്ക് ജനങ്ങളെ ബന്ധിപ്പിക്കാൻ 1800 കി.മീ ദൈർഘ്യത്തിൽ കണക്ഷൻ ബസ് സർവീസും ഉണ്ടാകും. നഗരം വികസിപ്പിക്കുക, ട്രാഫിക് എളുപ്പമാക്കുക, കാർബൺ ബഹിർഗമനം കുറക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും പൊതുഗതാഗത ശൃംഖല വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന നഗരങ്ങളിലുടനീളം ഈ വര്‍ഷം തന്നെ 8 പൊതുഗതാഗത പദ്ധതികള്‍ ആരംഭിക്കും. അതിന്റെ ഭാഗമായി ആദ്യമായി നഗരങ്ങളില്‍ പൊതു ഗതാഗത പദ്ധതിക്ക് കീഴിൽ മെട്രോ ബസ് ശൃംഖലയാണ് ആരംഭിക്കുക. തുടര്‍ന്ന് ട്രാമും സബ്വേയും സ്ഥാപിക്കാനും പദ്ധതികളുണ്ട്.