സൗദിയിൽ ആദ്യ പാദത്തിലെ ബജറ്റ് കമ്മിയായതിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി
|ബജറ്റ് കമ്മിയായത് അപ്രതീക്ഷിതമല്ലെന്നും സൗദി സാമ്പത്തിക രംഗം കരുത്തുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു
റിയാദ്: സൗദിയിൽ ഈ വർഷം ആദ്യ പാദത്തിലെ ബജറ്റ് കമ്മിയായതിൽ ആശങ്കകൾ വേണ്ടെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ. സൗദിയിലെ വൻകിട പദ്ധതികളിലേക്കും ഭാവിയിൽ ഫലമുണ്ടാക്കുന്ന പദ്ധതികളിലേക്കും ഫണ്ടൊഴുക്കുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് അപ്രതീക്ഷിതമല്ലെന്നും സൗദി സാമ്പത്തിക രംഗം കരുത്തുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു.
സൗദി അറേബ്യയുടെ 2024 ആദ്യ പാദത്തിലെ ബജറ്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. 3.03 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മിയാണ് വന്നിരുന്നത്. ഇത് അപ്രതീക്ഷിതമല്ലെന്നാണ് സൗദി ധനമന്ത്രി വിശദീകരിക്കുന്നത്. രാജ്യത്തെ ബജറ്റ് കമ്മി നെഗറ്റീവ് അല്ല, മറിച്ച് അത് പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ്. സൗദിയിലെ വൻകിട പദ്ധതികളിൽ കൂടുതൽ പണം ഇറക്കുന്ന വർഷമാണിത്. ഇത് ഭാവിയിലേക്കുള്ള കരുത്തുറ്റ പദ്ധതികളാണ്. അതാണ് ബജറ്റിൽ പ്രതിഫലിച്ചത്. മന്ത്രി വിശദീകരിച്ചു.
കടമെടുക്കുന്ന രാജ്യങ്ങളിൽ കാണപ്പെടുന്ന നിർബന്ധിത നെഗറ്റീവ് കമ്മികളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. സാമ്പത്തിക വികസന ലക്ഷ്യങ്ങൾക്ക് ഇത് ശക്തി പകരുകയാണ് ചെയ്യുകയെന്നും ജദ്ആൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണ്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നയങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ വിദേശ നിക്ഷേപം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിയാദിൽ ഐ.എം.എഫിന്റെ റീജണൽ ഹെഡ്ക്വാട്ടേഴ്‌സ് തുറക്കുന്നതും ഇത്തരം പശ്ചാത്തലത്തിലാണെന്നും ജദ്ആൻ കൂട്ടിച്ചേർത്തു.