ഹാജിമാരുടെ ആദ്യസംഘങ്ങൾ നാളെയെത്തും; മലയാളികൾ മദീന വിമാനത്താവളത്തിലിറങ്ങും
|ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള മൂന്നു പാക്കേജുകൾ മന്ത്രാലയം പ്രഖ്യാപിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജിന് വിദേശത്തു നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘങ്ങൾ നാളെ സൗദിയിലെത്തും. ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനവും നാളെയാണ്. കൊച്ചിയിൽ നിന്നും 377 മലയാളി തീർത്ഥാടകരാണ് നാളെ മദീനയിലെത്തുന്നത്. സൗദിയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകളും ഇന്ന് ഹജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.
പാകിസ്താനിൽ നിന്നാണ് ഹജ്ജിനുള്ള ആദ്യ വിമാനം. ജിദ്ദയിലാണ് ഇതിറങ്ങുക. ഉച്ചക്കുള്ള വിമാനത്തിലാണ് 377 മലയാളി തീർഥാടകർ മദീനയിലെത്തുന്നത്. ഇന്ത്യയിൽ നിന്നുളള ആദ്യ ഹജ്ജ് സംഘമാണിത്. കേരളത്തിൽ നിന്നാകെ 5758 തീർഥാടകരാണ് ഇത്തവണ. 2056 പുരുഷന്മാരും 3702 സ്ത്രീകളും. ഇവർക്ക് പുറമെ തമിഴ്നാട്, ലക്ഷദ്വീപ്, ആൻഡമാൻ, പോണ്ടിച്ചേരി എന്നീ സംസ്ഥാന ,കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1989 തീർഥാടകരുമുണ്ട്. ആകെ കൊച്ചിയിൽ നിന്നും എത്തുക 7747 തീർഥാടകരാണ്. ജൂൺ നാലു മുതൽ 16 വരെ സൗദി അറേബ്യൻ എയർലൈൻസിന്റെ ചാർട്ടർ ചെയ്ത 20 വിമാനങ്ങളിലായാണ് തീർഥാടകരുടെ യാത്ര.
ഓരോ വിമാനത്തിലും 377 തീർഥാടകരുണ്ടാവും. തീർത്ഥാടകരെ സ്വീകരിക്കാൻ ഹജ്ജ് ടെർമിനലിലെ മുഴുവൻ സർക്കാർ വകുപ്പുകളും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ടെർമിനലിന് പുറത്ത് തീർഥാടകർക്ക് വിശ്രമിക്കാൻ എയർകണ്ടീഷൻ ചെയ്ത 20 വിശ്രമ കേന്ദ്രങ്ങൾ പുതുതായി നിർമിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷത്തിന് ശേഷമാണ് ഹജ്ജിന് വിദേശത്തു നിന്നും ഹാജിമാരെത്തുന്നത്. ഇതിനിടെ ഇന്ന് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള മൂന്നു പാക്കേജുകൾ മന്ത്രാലയം പ്രഖ്യാപിച്ചു. മിനായിലെ ബഹുനില ടവറുകളിൽ താമസം നൽകുന്ന വിഭാഗത്തിൽ മൂല്യവർധിത നികുതി കൂടാതെ 14,737 റിയാലാണ് നിരക്ക്. വികസിപ്പിച്ച തമ്പ് പാക്കേജിൽ വാറ്റ് കൂടാതെ നിരക്ക് 13,043 റിയാലുണ്ട്. വികസിപ്പാക്കാത്ത തമ്പ് പാക്കേജിൽ നികുതി കൂടാതെ 10,238 റിയാലുമാണ് നിരക്ക്.