ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും
|കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 21ന് കരിപ്പൂരിൽ നിന്ന് പുറപ്പെടും
മദീന: ഹജ്ജിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം നാളെ മദീനയിലെത്തും. ഹൈദരാബാദിൽ നിന്നും ശ്രീനഗറിൽ നിന്നുമാണ് ആദ്യ വിമാനങ്ങൾ എത്തുക. പത്തോളം വിമാനങ്ങളിലായി 3000ലേറെ ഇന്ത്യൻ ഹാജിമാർ നാളെ മദീനയിലെത്തും. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21 നാണ്.
ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണ് ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ മദീനയിലെത്തുന്നത്. ഇതോടെ ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കമാകും. മദീന വിമാനത്താവളത്തിൽ ഇറങ്ങുന്ന തീർഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ നയതന്ത്ര ഉദ്യോഗസ്ഥകരും ഹജ് മന്ത്രാലയ ഉദ്യോഗസ്ഥരും സ്വീകരിക്കും.
ഇന്ത്യയിൽ നിന്നും ഈ വർഷം 1,75,025 പേരാണ് ഹജ്ജ് കർമങ്ങൾക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ എത്തിച്ചേരുക. ഇവരിൽ 1,40,020 തീർഥാടകർ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേർ സ്വകാര്യ ഗ്രൂപ്പിലുമാണ് എത്തുക. മദീനയിൽ ഇറങ്ങുന്ന ഹാജിമാർ ഹജ്ജ് കഴിഞ്ഞ് ജിദ്ദയിൽ നിന്ന് മടങ്ങും. 18,019 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണ കേരളത്തിൽ നിന്നെത്തുക. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരിൽ നിന്നാകും. കൊച്ചിയിൽ നിന്നുള്ളത് 26-നും കണ്ണൂരിൽനിന്നുള്ളത് ജൂൺ ഒന്നിനും പുറപ്പെടും. ഇവർക്ക് ഹജ്ജ് കഴിഞ്ഞാകും മദീന സന്ദർശനം.