Saudi Arabia
The first Umrah and Ziyarah Forum was launched in Madeenah
Saudi Arabia

പ്രഥമ ഉംറ ആൻഡ് സിയാറ ഫോറം മദീനയിൽ ആരംഭിച്ചു

Web Desk
|
23 April 2024 8:00 PM GMT

പിൽഗ്രിം എക്‌സ്പീരിയൻസ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്

മദീന: പ്രഥമ ഉംറ ആൻഡ് സിയാറ ഫോറവും പ്രദർശനവും മദീനയിൽ ആരംഭിച്ചു. പിൽഗ്രിം എക്‌സ്പീരിയൻസ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്. മദീനയിലെ കിങ് സൽമാൻ അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ ഇന്നലെ അരംഭിച്ച ഫോറവും പ്രദർശനവും മൂന്ന് ദിവസം നീണ്ടുനിൽക്കും. തീർഥാടകർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകാൻ ഭരണകൂടം നിരന്തരം പ്രവർത്തിച്ചുവരികയാണെന്ന് ഫോറം ഉദ്ഘാടനം ചെയ്ത മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ പറഞ്ഞു.

ഫോറത്തോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങൾ ഒരുക്കിയ 100ലധികം പവലിയനുകളും ഗവർണർ സന്ദർശിച്ചു. മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾ സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനും അവർക്ക് മെച്ചപ്പെട്ട അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഫോറത്തിന്റെ ലക്ഷ്യമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിയ പറഞ്ഞു.

ആറ് ഡയലോഗ് സെഷനുകളിലായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 180 പ്രഭാഷകർ പങ്കെടുക്കും. 28 സർക്കാർ ഏജൻസികളും 3000 ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളും ഫോറത്തിന്റെ ഭാഗമായി പ്രവർത്തിക്കും. 1500 ലധികം വ്യത്യസ്ത കരാറുകൾ ഫോറത്തിൽ വെച്ച് ഒപ്പുവെക്കുമെന്നും മന്ത്രി പറഞ്ഞു. റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചതായി മന്ത്രി സൂചിപ്പിച്ചു. കൂടാതെ മക്കയിലും മദീനയിലും പ്രവാചക ജീവചരിത്രവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര കേന്ദ്രങ്ങൾ പുനരുദ്ധാരണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദീനയെക്കുറിച്ചുള്ള ഡോക്യുമെൻററിയും ഫോറത്തിൽ പ്രദർശിപ്പിച്ചു.

Similar Posts